തിരുവനന്തപുരം- ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമായതോടെ ജനജീവിതം സ്തംഭിച്ചു. തെക്ക് പടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചത് വീണ്ടും ഭീതി പരത്തുകയാണ്. കനത്ത മഴയിലെ ദുരിതം മാറിവരുന്നതിനിടെ വീണ്ടും മഴ പെയ്തത് രക്ഷാ, ദുരിതാശ്വാസ പ്രവർത്തനം താറുമാറാക്കി.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് തുടരുന്ന ശക്തമായ മഴക്ക് പിന്നാലെ സംസ്ഥാനമൊട്ടാകെ മഴ ശക്തമായി. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന വിവരം. ഒഡീഷ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് കേരളത്തിൽ മഴ ശക്തി പ്രാപിക്കാൻ ഇടയാക്കിയത്.
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ സ്‌കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. രാവിലെ ഏഴരയോടെ അവധി പ്രഖ്യാപിച്ചത് വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വിമർശനമുണ്ട്.
വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. മലയോര മേഖലകളിലാണ് നാശനഷ്ടം രൂക്ഷം. വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്. നാലാഞ്ചിറയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി ഷോക്കേറ്റതിനെ തുടർന്ന് ജോർജു കുട്ടി എന്നയാൾ മരിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. അരുവിക്കര പേപ്പാറ അണക്കെട്ടിന്റെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്. കൊല്ലം ജില്ലയിൽ അതിശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ആലപ്പുഴയിൽ പൊതുവേയും കുട്ടനാട് വിശേഷിച്ചും മഴദുരിതം രൂക്ഷമായി.
തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടം. വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മണ്ണൊലിപ്പും മരങ്ങൾ കടപുഴകി വീണും വൻനാശമുണ്ടായി. തിരുവനന്തപുരത്ത് ശക്തമായ മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ വെള്ളം കയറി. തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. ചില ട്രെയിനുകൾ വൈകി. നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതേയുള്ളൂ.
ജലാശയങ്ങളെല്ലാം കരകവിഞ്ഞതോടെ നിരവധി വീടുകളിൽ വെള്ളം കയറി. വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് അഞ്ഞൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തിരുവനന്തപുരം താലൂക്കിൽ മാത്രം നാല് ക്യാമ്പുകൾ തുറന്നു. തീരദേശങ്ങൾ കടൽക്ഷോഭ ഭീഷണിയിലാണ്. ആറ്റിപ്ര വില്ലേജ് പ്രദേശത്ത് വെള്ളം കയറുന്നത് ഒഴിവാക്കാൻ പാർവതി പുത്തനാർ വേളി ഭാഗത്തെ പൊഴി മുറിച്ചു. വേളി ടൂറിസ്റ്റ് വില്ലേജ് ഉൾപ്പെടെ വെള്ളത്തിലായി. നിരവധി സ്ഥലങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങളും തകർന്നു. മലയോര മേഖലകളായ കള്ളിക്കാട്, കുറ്റിച്ചൽ, അമ്പൂരി, വെള്ളറട പഞ്ചായത്തുകളെയാണ് മഴ കൂടുതൽ ബാധിച്ചത്. മലയോരത്ത് വ്യാപക കൃഷി നാശവും രേഖപ്പെടുത്തിയിട്ടുണ്ട്. കള്ളിക്കാട് മൂന്നു വീടും പെരുംകുളത്ത് രണ്ടു വീടും പൂർണമായി തകർന്നു. കുളത്തുമ്മലിൽ രണ്ടു വീട് ഭാഗികമായി തകർന്നു. പലയിടത്തും വൈദ്യുതി ലൈനിനു മുകളിലേക്കും, റോഡിലേക്കും മരങ്ങൾ വീണതിനാൽ വൈദ്യുതി തടസവും ഗതാഗത തടസവും ഉണ്ടായി. കടൽ പ്രക്ഷുബ്ധമാണെങ്കിലും തീരത്ത് കനത്ത നാശനഷ്ടമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് റവന്യുവകുപ്പ് അധികൃതർ അറിയിച്ചു. മുട്ടത്തറ, വെട്ടുകാട് എന്നിവിടങ്ങളിൽ തിരമാലകളെ പ്രതിരോധിക്കാൻ കല്ല് നിക്ഷേപിക്കൽ ചൊവ്വാഴ്ച മുടങ്ങി. മഴ കാരണം കല്ല് ലഭിക്കാത്തതാണ് കാരണമെന്ന് അധികൃതർ വിശദീകരിച്ചു. താലൂക്ക് കേന്ദ്ര ങ്ങളിലും കലക്ടറേറ്റിലും മഴക്കെടുതി അറിയിക്കുന്നതിന് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അവധിയിലിരിക്കുന്ന റവന്യു ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശം നൽകി.