കൊല്ലം- കടയ്ക്കലില്‍ പട്ടാളക്കാരന്റെ മുതുകില്‍ പച്ചയില്‍ പി.എഫ്.ഐ എഴുതിയ സംഭവം വര്‍ഗീയ കുത്തിത്തിരുപ്പെന്ന് മേജര്‍ രവി. 24 മണിക്കൂറിനകം നിജസ്ഥിതി പുറത്തുകൊണ്ടുവന്ന കേരള പോലീസിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളെന്നും ഇയാള്‍ ഇനി പട്ടാളത്തില്‍ തുടരരുതെന്നും മുന്‍ സൈനികനും സിനിമാ സംവിധായകനുമായ മേജര്‍ രവി പറഞ്ഞു.
വലിയൊരു കലാപത്തില്‍നിന്നാണ് നാട് രക്ഷപ്പെട്ടത്. ഷൈന്‍ കുമാര്‍ എന്ന ഈ പട്ടാളക്കാരന് മാപ്പില്ല. ഫേമസ് ആകാനാണെങ്കില്‍ വേറെ പരിപാടികള്‍ ഇവന് പറഞ്ഞുകൊടുക്കാമായിരുന്നു. ഇവന്‍ ഇനി പട്ടാളത്തില്‍ തുടരാന്‍ പാടില്ല- അദ്ദേഹം ഫെയ്‌സ് ബുക്ക് ലൈവില്‍ പറഞ്ഞു.
14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തതെന്നും ഇയാളെ ജയിലില്‍ അടക്കണമെന്നും രവി പറഞ്ഞു. എന്നാല്‍ വീഡിയോയുടെ അടിയില്‍ കമന്റ് ചെയ്തവര്‍ ബി.ജെ.പി ഭരണത്തിലിരിക്കുന്ന കാലത്തോളം ഒന്നും സംഭവിക്കില്ലെന്നാണ് എഴുതുന്നത്. കേരള പോലീസിന്റെ നടപടിയെ എല്ലാവരും വാഴ്ത്തുന്നു. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കുകയും ചെയ്യുന്നു.