Sorry, you need to enable JavaScript to visit this website.

'കേന്ദ്ര ഏജൻസി വേട്ടയാടുന്നു; ഒരു കറുത്ത വറ്റിൽ ചോറാകെ മോശമെന്ന് പറയരുത്' -മുഖ്യമന്ത്രി

തിരുവനന്തപുരം - രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കം കളയുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 കരുവന്നൂർ ബാങ്കിനെതിരായ ആരോപണങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്. അവിടുത്തെ പ്രശ്‌നങ്ങൾ ആദ്യം കണ്ടെത്തിയതു കേന്ദ്ര ഏജൻസികളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, സഹകരണ മേഖലയെ തകർക്കാനാണ് ചിലരുടെ ശ്രമം. തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കും. ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ ചോറാകെ മോശമാണെന്നു പറയരുത്. ഇപ്പോഴത്തെ നീക്കങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് സംശയിക്കണം. 
 കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയർന്നുവന്നപ്പോൾത്തന്നെ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. ഈ കേസിൽ 26 പ്രതികളാണുള്ളത്. 18 എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവനകൾ നാടിനു ചെയ്യുന്നവരാണ്. അതിനകത്ത് സാധാരണ ഗതിയിൽനിന്ന് വഴിവിട്ടു സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണമെന്നതിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest News