കോട്ടക്കല്‍- വ്യാജ ഫെയര്‍നെസ് ക്രീം വൃക്കരോഗം ഉണ്ടാക്കുന്നു; എന്തും മുഖത്ത് തേക്കുന്നത് ഒഴിവാക്കണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം. നിവലാരം കുറഞ്ഞ ഫേഷ്യല്‍ ക്രീമുകള്‍ വൃക്കരോഗമുണ്ടാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍. തൊലി വെളുക്കാനായി ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങളടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവരിലാണ് മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്.
വിപണിയില്‍ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ല ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളിലെ ഇറക്കുമതി വിവരം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, സാധനത്തിന്റെ പേരും വിലാസവും എന്നിവ സൂക്ഷ്മമായി പരിശോധിക്കണം. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് രോഗം കണ്ടെത്തിയത്. 14 വയസ്സുകാരിയിലാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ അവസ്ഥ ഗുരുതരമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷിച്ചത്. ഇതോടെയാണ് പ്രത്യേക ഫെയര്‍നെസ് ക്രീം അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്.ഇതേസമയത്തുതന്നെ കുട്ടിയുടെ ബന്ധുവായ കുട്ടികൂടി സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ നെല്‍ 1 എം.എന്‍ പോസിറ്റിവായിരുന്നു. അന്വേഷണത്തില്‍ ഈ കുട്ടിയും ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു.
ഇതിനിടെ 29 വയസ്സുകാരനായ മറ്റൊരു യുവാവുകൂടി സമാനലക്ഷണവുമായി വരുകയും അന്വേഷണത്തില്‍ ഇതേ ഫെയര്‍നെസ് ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. ഇതോടെ സമാനലക്ഷണങ്ങളുമായി ചികിത്സ തേടിയ മുഴുവന്‍ പേരെയും വിളിച്ചുവരുത്തി. എട്ടുപേര്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസ്സിലായി. ഇതോടെ ഫെയര്‍നെസ് ക്രീം വിശദ പരിശോധനക്ക് വിധേയമാക്കിയെന്ന് ആസ്റ്റര്‍ മിംസിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു.പരിശോധനയില്‍ ക്രീമില്‍ മെര്‍ക്കുറിയുടേയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ 100 മടങ്ങ് അധികമാണെന്ന് കണ്ടെത്തി. ഈ ക്രീമുകളില്‍ ചേര്‍ത്തവ സംബന്ധിച്ചോ നിര്‍മാണം സംബന്ധിച്ചോ ഒരു വിവരവുമുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മാസങ്ങള്‍ക്കു മുമ്പ് 'ഓപറേഷന്‍ സൗന്ദര്യ' വഴി പിടിച്ചെടുത്ത അനധികൃത ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെട്ടതാണ് വില്ലനായ ഫേസ് ക്രീം. കൃത്യമായ നിര്‍മാണവിവരങ്ങളോ ചേരുവകളുടെ വിശദാംശങ്ങളോ ഇല്ലാതെ വില്‍പന നടത്തിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗമാണ് അന്ന് പിടിച്ചെടുത്തത്. മലപ്പുറമടക്കം മൂന്ന് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 10,000 രൂപയുടെ ഉല്‍പന്നങ്ങളാണ് പിടികൂടിയത്. നാല് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. നിറം കൂട്ടാനുള്ള ക്രീം തേച്ച് ഗുരുതരാവസ്ഥയിലായ 14കാരി സുഖം പ്രാപിച്ചതായി ആസ്റ്റര്‍ മിംസ് മെഡിക്കല്‍ ചീഫ് ഡോ. പി.എസ്. ഹരി പറഞ്ഞു. ഒരു വര്‍ഷത്തോളമായി ഈ കുട്ടി ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുമ്പോഴും ക്രീം ഉപയോഗിച്ചിരുന്നു. അന്ന് രോഗം എങ്ങനെ വന്നെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്ഷീണം, മൂത്രത്തില്‍ അമിതമായ പത, കാലുകള്‍, മുഖം എന്നിവയില്‍ വരുന്ന നീര് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ക്രീം നിര്‍ത്തിയാല്‍ മുഖത്തിന് ചുളിവ് വരുന്നതായും കാണുന്നുണ്ട്.