Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ കൊഴിഞ്ഞുപോക്ക്;  സൗദിയിൽനിന്ന് വിമാന സർവീസുകളും നിർത്തലാക്കുന്നു

ജെറ്റ് എയർവെയ്‌സ് ദമാമിൽ നിന്നുള്ള കോഴിക്കോട്, കൊച്ചി, ഹൈദരാബാദ് സർവീസുകൾ ഒരു മാസത്തേക്ക് ഉണ്ടാവില്ല

ദമാം- സൗദി അറേബ്യയിലെ സ്വദേശിവൽക്കരണവും ലെവി വർധനവും കാരണമായി പ്രവാസികളും കുടുംബങ്ങളും നാട്ടിലേക്ക് വൻതോതിൽ തിരിച്ചു പോകുന്നത് കണക്കിലെടുത്ത് ഇവിടെ നിന്ന് നാട്ടിലേക്കുള്ള വിമാന സർവീസുകൾ പടിപടിയായി നിർത്തലാക്കാനുള്ള ശ്രമത്തിലാണ് പല വിമാന കമ്പനികളും. ജെറ്റ് എയർവെയ്‌സ് ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നു സെക്ടറുകളിലേക്കുള്ള വിമാന സർവീസുകൾ നിർത്തുന്നതായി അറിയിച്ചത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്ന് സംശയമുണ്ട്. 
ദമാമിൽ നിന്ന് കോഴിക്കോട്ടേക്കും, കൊച്ചിയിലേക്കും, ഹൈദരാബാദിലേക്കും നേരിട്ട് നടത്തിയിരുന്ന സർവീസാണ് ഒരു മാസത്തേക്ക് നിർത്തുന്നത്. ഇത് താൽക്കാലികമാണ് എന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും സർവീസുകൾ ഇതോടെ പൂർണമായും നിലക്കും എന്നാണ് പിന്നാമ്പുറ സംസാരം.
സെപ്റ്റംബർ 21 മുതൽ ഒക്‌ടോബർ 23 വരെയുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവെക്കുന്നതെന്ന് ജെറ്റ് എയർവെയ്‌സ് അറിയിച്ചു. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും നിലവിൽ ദിവസേനയുള്ള സർവീസുകൾ നടത്തുന്നുണ്ടെങ്കിലും സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ ഈ റൂട്ടിൽ കൂടുതൽ യാത്രക്കാർ ഇല്ലാത്തതാണ് സർവീസ് നിർത്തിവെക്കാൻ കാരണമായതെന്നാണ് ജെറ്റ് എയർവെയ്‌സ് അധികൃതർ നൽകുന്ന വിശിദീകരണം. സർവീസ് റദ്ദ് ചെയ്ത ദിവസങ്ങളിലേക്ക് ഈ റൂട്ടിൽ നേരത്തെ ടിക്കറ്റ് എടുത്തവർ ട്രാവൽ ഏജൻസികളുമായോ, ജെറ്റ് എയർവെയ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ജെറ്റ് എയർവെയ്‌സിന്റെ ദമാം-തിരുവനന്തപുരം സർവീസിൽ മാറ്റമില്ലെന്നും കോഴിക്കോട്ടു നിന്നും കൊച്ചിയിൽ നിന്നും മുംബൈ വഴിയുള്ള സർവീസുകൾ നേരത്തെ പോലെ തുടരുമെന്നും ജെറ്റ് എയർവെയ്‌സ് ദമാം ഓഫീസിൽ നിന്നും അറിയിച്ചു.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ കമ്യൂണിറ്റി സ്‌കൂളുകൾ വേനലവധിക്ക് അടച്ചതോടെ ഭൂരിഭാഗം കുടുംബങ്ങളും വൺവേ ടിക്കറ്റുകൾ മാത്രമേ എടുത്തുള്ളൂ. മുൻകാലങ്ങളിൽ റിട്ടേൺ ടിക്കറ്റുകൾ എടുത്തായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. ഭൂരിഭാഗം കുടുംബങ്ങളും തിരിച്ചു വരില്ലെന്നത് വ്യക്തമാണ്. കൂടാതെ വരും മാസങ്ങളിലൊന്നും മുൻകൂട്ടിയുള്ള ബുക്കിംഗുകൾ കാര്യമായി ഉണ്ടാവുന്നുമില്ല. ഇതു കൊണ്ടാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്ന ഈ മൂന്ന് സെക്ടറുകളും നിർത്തിവെക്കാൻ എയർലൈൻ കമ്പനികളെ പ്രേരിപ്പിച്ചതെന്നാണ് അറിയാൻ സാധിച്ചത്. 

പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് കമ്പോളങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങൾ ഏതാണ്ട് തകർന്ന മട്ടിലാണ്. നിർമാണ മേഖലയും വ്യവസായ മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കിഴക്കൻ മേഖലയിലെ പല ഉന്നത കമ്പനികളും വിദഗ്ധ തൊഴിലാളികളെ പോലും ദീർഘകാല അവധി നൽകി നാട്ടിലേക്കയച്ചു കൊണ്ടിരിക്കുന്നു.
തൊഴിലാളികളുടെ ലെവി വർധന നിലവിൽ വന്ന ശേഷം ഏതാണ്ട് 60 ശതമാനം ചെറുകിട കമ്പനികളും അവതാളത്തിലാണ്. ഒരു സാധാരണ പ്രവാസിക്ക് ഇവിടെ ജോലി തുടർന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല പല കമ്പനികളും ഇഖാമ പുതുക്കുന്നതിനുള്ള ചെലവ് തൊഴിലാളികളിൽ നിന്നും ഈടാക്കാൻ തുടങ്ങിയതോടെ പ്രവാസം തുടർന്നു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. 
ദമാമിൽ നിന്നും കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട രണ്ടു സർവീസുകൾ നിർത്തുന്നതോടെ പ്രവാസികളുടെ സുഗമാമായ യാത്രയാണ് മുടങ്ങുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര-കേരള സർക്കാരുകളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന പ്രമുഖ മലയാളി സംഘടനകൾ ഒന്നും തന്നെ ഇത്തരം നീക്കങ്ങൾ കണ്ടില്ലെന്ന മട്ടിലാണ്.
 

Latest News