ദമാം- വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നട്ടെല്ല് വളയുകയും അരക്കു താഴെ തളരുകയും ചെയ്ത ബാലന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കാരുണ്യഹസ്തം. അൽഹസ നിവാസിയായ സൗദി പൗരൻ തുർക്കി അൽഉതൈബിയുടെ മകന് വിദേശത്തെ ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള മുഴുവൻ ചെലവുകളും കിരീടാവകാശി ഏറ്റെടുത്തു. കാറിടിച്ച് പരിക്കേറ്റാണ് ബാലന്റെ നട്ടെല്ല് വളയുകയും അരക്കു താഴെ തളരുകയും ചെയ്തത്.
മകന് ആവശ്യമായ വിദഗ്ധ ചികിത്സ ജർമനിയിൽ ലഭ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. വിദേശത്തെ ചികിത്സക്ക് ആവശ്യമായ ഭീമമായ തുക സമാഹരിക്കാൻ കഴിയാതെ വിഷമിക്കുന്നതിനിടയിലാണ് മകന്റെ ചികിത്സാ ചെലവ് പൂർണമായും വഹിക്കുന്നതിനുള്ള കിരീടാവകാശിയുടെ തീരുമാനം എത്തിയത്. ചികിത്സക്കായി വിദേശത്തേക്ക് പോകുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നത് തങ്ങൾ കാത്തിരിക്കുകയാണെന്നും തുർക്കി അൽഉതൈബി പറഞ്ഞു.