ആലപ്പുഴ - തിരുവനന്തപുരം പാറശാലയിൽ കാമുകൻ ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഗ്രീഷ്മ ജയിലിൽനിന്ന് പുറത്തിറങ്ങി. ഇന്നലെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (ചൊവ്വ) രാത്രിയോടെയാണ് പ്രതി ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
രാത്രിയോടെ മാവേലിക്കര സബ് ജയിലിൽനിന്ന് ബന്ധുക്കളെത്തി ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്‌ക്കേണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. സമൂഹത്തിന്റെ വികാരം എതിരാണ് എന്നതുകൊണ്ടുമാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല. കേസിന്റെ വിചാരണ, കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ ഹർജി നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു പ്രതികരണം.
കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാമുകനായിരുന്ന പാറശ്ശാലയിലെ ജെ.പി ഭവനിൽ ജയരാജിന്റെ മകൻ ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊന്ന കേസിലാണ് ഗ്രീഷ്മ 2022 ഒക്ടോബറിൽ അറസ്റ്റിലായത്. കാമുകനായ ഷാരോണിനെ ബന്ധത്തിൽനിന്ന് ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേർന്ന് ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. തമിഴ്‌നാട്ടിലെ ദേവിയോട് രാമവവർമൻചിറ പൂമ്പള്ളിക്കോണം സ്വദേശിനിയാണ് ഗ്രീഷ്മ.