ന്യൂദല്‍ഹി- ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വേനല്‍ക്കാലത്ത് 90,000 സ്റ്റുഡന്റ് വിസകള്‍ അനുവദിച്ച് ഇന്ത്യയിലെ യു. എസ് എംബസി റെക്കോര്‍ഡിട്ടു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ അനുവദിക്കുന്ന യു. എസ് സ്റ്റുഡന്റ് വിസകളില്‍ നാലില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ടീം വര്‍ക്കിലൂടെയും നൂതനത്വത്തിലൂടെയും യോഗ്യതയുള്ള എല്ലാ അപേക്ഷകരും കൃത്യസമയത്ത് അവരുടെ പ്രോഗ്രാമുകളില്‍ എത്തിച്ചേരുന്നുവെന്ന് തങ്ങള്‍ ഉറപ്പാക്കിയെന്ന് സാമൂഹ്യ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇന്ത്യയിലെ യു. എസ് എംബസി പറഞ്ഞു. ഇന്ത്യയിലെ യു. എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി അടുത്തിടെ വിസ പ്രൊസസിംഗ് വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
ടൂറിസ്റ്റ് വിസ ഇന്റര്‍വ്യൂവിനുള്ള കാത്തിരിപ്പ് സമയം 50 ശതമാനത്തിലധികം കുറച്ചതായി യു. എസ് അംബാസഡര്‍ ചൂണ്ടിക്കാട്ടി. 2023-ല്‍ ഒരു ദശലക്ഷം വിസയെങ്കിലും പ്രൊസസ് ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അംബാസഡര്‍ പറഞ്ഞു.