കൊച്ചി- സൈബർ ക്വട്ടേഷൻ ആക്രമണ കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ പ്രതിയെ അന്യായ തടങ്കലിൽ വെച്ചിരിക്കുന്നുവെന്ന പരാതി ഹൈക്കോടതി തള്ളി. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഇജാസിന്റെ ഉമ്മ നസീമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയാണ് കോടതി തള്ളിയത്.
ഇജാസിനെ തിരുവനന്തപുരത്തെ പെൺകുട്ടിയുടെ പരാതിയിലാണ് വിളിച്ചു വരുത്തിയത്. മെട്രോ റെയിൽ പോലീസ് ഉദ്യോഗസ്ഥയെ അപകീർത്തിപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കേസിൽ ചോദ്യം ചെയ്യാനായി ആലുവ പോലീസിനു കൈമാറി. പിന്നീട് പള്ളുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാന്റിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹേബിയസ് കോർപസ് ഹരജി തള്ളിയത്.
സൈബർ ക്വട്ടേഷൻ സംഘങ്ങൾക്കും സൈബർ ഗുണ്ടകൾക്കും പോലീസ് സംരക്ഷണം നൽകാനാവില്ലെന്ന് കോടതി മറ്റൊരു കേസിൽ വ്യക്തമാക്കി. ഓൺലൈൻ പത്രപ്രവർത്തകയായ ഏറ്റുമാനൂർ സ്വദേശി ഫിജോ ഹാരിഷിന്റെ പോലീസ് സംരക്ഷണ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. ഫെയ്‌സ്ബുക്ക് വഴി കുവൈത്തിൽ കഴിയുന്ന അനു മാത്യുവും ഫിജോ ഹാരിഷും തമ്മിൽ നടത്തിയ ആക്രമണത്തെ തുടർന്ന് പോലീസ് സംരക്ഷണം തേടിയായിരുന്നു ഹരജി. ഇരുപക്ഷത്തെയും സൈബർ ആക്രമണം ന്യായീകരിക്കാനാവില്ലെന്ന് പോലീസ് വിശദീകരിച്ചു. ഇരുപക്ഷത്തെയും സൈബർ പോരാളികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വിശദീകരിച്ചു.