Sorry, you need to enable JavaScript to visit this website.

ജി.സി.സി സിംഗിള്‍ വിസ നേട്ടമാകുന്നത് പ്രവാസികള്‍ക്ക്, സ്വദേശികള്‍ക്ക് ഇപ്പോള്‍തന്നെ വിസരഹിത യാത്ര

അബുദാബി- ആറ് രാജ്യങ്ങളടങ്ങിയ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ക്കിടയില്‍ സിംഗിള്‍ വിസ സംവിധാനം നടപ്പായാല്‍ നേട്ടം പ്രവാസികള്‍ക്ക്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇപ്പോള്‍ തന്നെ വിസരഹിത യാത്ര സാധ്യമാണ്. അംഗരാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരൊറ്റ വിസ സംവിധാനം വരുന്നതോടെ ഇവിടങ്ങളിലെ ടൂറിസം വന്‍തോതില്‍ വികസിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരിയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് പറഞ്ഞു.
നിലവില്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് വിസരഹിത യാത്ര ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളു. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ ഓരോ അംഗരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിനുള്ള വിസക്ക് അപേക്ഷിക്കണം, ചില രാജ്യക്കാര്‍ക്ക് വിസ ഫ്രീ അല്ലെങ്കില്‍ വിസ ഓണ്‍അറൈവല്‍ ആനുകൂല്യം ലഭിക്കുന്നു.
ചൊവ്വാഴ്ച അബുദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയെ അഭിസംബോധന ചെയ്യവെയാണ് അല്‍ മാരി ജി.സി.സി സിംഗിള്‍ വിസയെക്കുറിച്ച് സംസാരിച്ചത്.
ഈ വര്‍ഷമാദ്യം ബഹ്‌റൈനിലെ ടൂറിസം മന്ത്രി വിനോദസഞ്ചാരികള്‍ക്കായി ജിസിസിക്ക് വ്യാപകമായ 'ഷെങ്കന്‍ ശൈലിയിലുള്ള' വിസയുടെ പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. ഏകീകൃത വിസ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിനിടെ ഫാത്തിമ അല്‍ സൈറാഫി പറഞ്ഞു. ഈ സംവിധാനം 'വളരെ വേഗം' ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
ഒരു ഏകീകൃത പാക്കേജിന് കീഴില്‍ നിയന്ത്രണങ്ങളില്ലാതെ ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ സംവിധാനം ടൂറിസ്റ്റുകളെ സഹായിക്കുമെന്ന് ഇതേ പാനലിനെ അഭിസംബോധന ചെയ്തുകൊണ്ട് യു.എ.ഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

 

Tags

Latest News