കോട്ടയം - ലോൺ കുടിശ്ശികയുടെ പേരിൽ ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യചെയ്ത വ്യാപാരിയുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിഷേധം. കോട്ടയം കുടയംപടി സ്വദേശി കെ.സി ബിനുവിന്റെ (50) മൃതദേഹവുമായാണ് ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്.
കർണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു കുടുംബാംഗങ്ങളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധം. രണ്ട് മണിക്കൂറോളം ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. മൃതദേഹം കെട്ടിപ്പിടിച്ച് കുടുംബാഗംങ്ങൾ വാവിട്ടു കരഞ്ഞ വേദനാനിർഭരമായ രംഗം കണ്ടുനിന്നവരെയെല്ലാം ഈറനണിയിച്ചു.
ബാങ്ക് ജീവനക്കാർ ഇന്നലെയും വ്യാപാരിയുടെ കടയിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞമാസം വരെയുള്ള കുടിശ്ശിക അടച്ചുതീർത്തതാണെന്നും ബാങ്ക് മാനേജർ മോശമായി പെരുമാറിയെന്നും ബിനുവിന്റെ സഹോദരൻ പറഞ്ഞു. തുടർന്ന് ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെ, ബാങ്കിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. തുടർന്ന് സമരക്കാർ ബാങ്കിന് നേർക്ക് കല്ലേറ് നടത്തി. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉൾപ്പെടെയുള്ളവർ നിലത്തുവീണു. ഇത്തരത്തിലുള്ള സ്വകാര്യ കൊള്ളബാങ്കുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് വ്യാപാരിയായ ബിനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.