'കാർന്നോർക്ക് എങ്ങനെയുമാകാം' എന്നാണ് നാട്ടുനടപ്പ്. മല്ലികാബാണൻ ഒട്ടും ഭേദമല്ല. കഴിഞ്ഞയാഴ്ച ഒരു അഖിലേന്ത്യ കമ്മിറ്റി യോഗം നടന്നു. പതിവ് ഭക്ഷണക്രമം പാലിക്കുന്ന കലാപരിപാടി. പുറത്തറിഞ്ഞത് സ്വന്തം മാധ്യമ സഹായം നിമിത്തം. വേദിയിൽ പ്രസിഡന്റ് ബാണൻ കസറി.
സ്ഥിരീകരിക്കാത്ത വാർത്തകളിൽ കോസറികളും വിരിപ്പുകളും കീറിയെന്നും കേൾക്കുന്നു. ബാണൻ ഉറുദു കവിത ആലപിച്ചുകൊണ്ടു തുടങ്ങിയപ്പോഴേ പന്തികേടു തോന്നിയ ചിലരെങ്കിലും വീടു പൂകാൻ കൊതിച്ചു. സംഗതി മുൻകൂട്ടി കണ്ട വോളണ്ടിയറന്മാർ വാതിലും ജനലുമെല്ലാം ഭദ്രമായി അടച്ചുപൂട്ടി താഴിട്ടിരുന്നതിനാൽ ക്വാറം നഷ്ടമായില്ല. എങ്കിലും പ്രസിഡന്റിന്റെ ചോദ്യങ്ങൾ ഹൃദയഭേദകമായിരുന്നു. ഒന്ന്- സംഘടനയിൽ താഴേക്കിടയിലെ തെരഞ്ഞെടുപ്പു പൂർത്തിയാക്കിയോ? (എവ്‌ടെ! ഒരു നൂറ്റാണ്ട് കൂടി ടൈം അനുവദിച്ചാൽ നോക്കാം). രണ്ട്- ഗ്രൗണ്ട് വർക്ക് ചെയ്‌തോ? (മദ്യത്തിനെതിരെയുള്ള വിലക്ക് കഴിഞ്ഞ സമ്മേളനത്തിൽ നീക്കിയതു നന്ദിപൂർവം സ്മരിക്കുന്നു. പലരും ഇപ്പോൾ ഗ്രൗണ്ടിൽ കമിഴ്ന്നു കിടക്കാൻ മടികാട്ടാറില്ല). മൂന്ന് - പുതിയ തലമുറയെ കണ്ടുപിടിച്ചോ? സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഓഫീസുകളിൽ കയറി അന്വേഷിക്കാനുള്ള കായബലം നമുക്കില്ല.
സമ്മേളനത്തിനൊടുവിൽ പലരും കണ്ണുനീർ തുടച്ചാണ് പിരിഞ്ഞത്. മുമ്പ് ഒരു പ്രസിഡന്റും നടത്തിയിട്ടില്ലാത്ത ക്രൂരമായ പ്രസംഗമായിരുന്നു. മേൽപറഞ്ഞ കാര്യങ്ങളിൽ ഹോംവർക്ക് ചെയ്ത് പ്രൂഫുമായി വന്നാലേ അടുത്ത അഖിലേന്ത്യ നിർവാഹക സമിതി ചേരുകയുള്ളൂവെന്ന ഖാർഗേയുടെ പ്രസ്താവന ഉച്ചഭക്ഷണ പ്രേമികളെയാണ് കരയിച്ചതെന്നു മറ്റൊരു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പ്രസിഡന്റ് എന്താ മോശക്കാരനാണോ? സ്വന്തം തട്ടകം വിട്ടു മത്സരിക്കാത്ത വീരാധി വീരനാണു കക്ഷി. ഇപ്പോൾ രമേശ് ചെന്നിത്തലയെ ഭയപ്പെട്ടു തുടങ്ങിയെന്നു മറ്റൊരു റിപ്പോർട്ട്. അതും സ്ഥിരീകരിക്കാത്തതു തന്നെ. ഹിന്ദി അധ്യാപകനായിരുന്ന ചെന്നിത്തലക്ക് തരൂരിനൊപ്പം ഇരുന്നു തൃപ്തിയടയാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ അവശേഷിക്കുന്നതു കാർന്നോരുടെ സ്ഥാനം തന്നെ.
**** **** ****
അടുത്ത 'ഇന്ത്യ' മീറ്റിംഗ് ഷിംലയിലായിരിക്കുമെന്നു ഖാർഗെ പ്രസ്താവിച്ചതിൽ തെറ്റൊന്നുമില്ല. എന്നിട്ടും ശരത് പവാർജി അതു തിരുത്തി. ഷിംലയിൽ മുമ്പു പോയിട്ടില്ലാത്തവരും 'ഡാൽ' തടാകത്തിൽ തോണി തുഴഞ്ഞിട്ടില്ലാത്തവരുമായ സഖ്യകക്ഷികൾക്ക് അതൊരു സുവർണാവസരമായിരുന്നു. എന്തു ചെയ്യാം, പ്രായത്തിലും പാർട്ടി മാറ്റത്തിലും മൂപ്പ് പവാർജിക്കാണല്ലോ. അടുത്ത യോഗം ബംഗ്‌ളൂരുവിലായിരിക്കുമെന്ന് മൂപ്പർ. തർക്കം മൂത്താൽ നറുക്കിടാം. പക്ഷേ 'ഇന്ത്യ' തുഴയാൻ തുടങ്ങും മുമ്പേ പങ്കായം കൊണ്ടു തമ്മിൽതല്ലു തുടങ്ങി.
പഞ്ചാബിലെ 117 സീറ്റുകളിൽ 92 ജയിച്ചാണ് ആം ആദ്മി വാണരുളുന്നത്. പ്രദേശ് കോൺ പ്രസിഡന്റ് അമരീന്ദർ സിംഗിന് ആ പാർട്ടിയെ അടുപ്പിക്കാൻ കൊള്ളില്ലെന്നാണ് അഭിപ്രായം. അദ്ദേഹം കേരളത്തിൽ പിറക്കാത്തതു ഭാഗ്യം! യു.ഡി.എഫ് തരിപ്പണമായിപ്പോയേനേ! 'ഇന്ത്യ'യിൽ മമതയുമായി അടുക്കില്ലെന്ന് സി.പി.എം മുജ്ജന്മത്തിലേ തന്നെ തീരുമാനിച്ചതാണത്രേ! വിശാല സഖ്യത്തിലെ കരുത്തനായ പങ്കാളിയായിരിക്കും തങ്ങളെന്നു പറഞ്ഞ് രാഹുലനെ വിശ്വസിപ്പിക്കുവാൻ ഇങ്ങു കൊച്ചു കേരളത്തിലെ ഗോവിന്ദൻ സഖാവ് വേണ്ടിവന്നു. 'ന: സ്ത്രീ തുല്യത അർഹതി' എന്നാണ് പാർട്ടിയുടെ പ്രമാണം. അതു റദ്ദ് ചെയ്യാൻ ആർക്കും കഴിയില്ല എന്ന് അനുഭവം. കർണാടകത്തിലെ മുഖ്യൻ സിദ്ധരാമയ്യക്ക് 'ഇന്ത്യ'യിൽ പൂർണ വിശ്വാസം. പക്ഷേ തുള്ളി നദീജലം തമിഴ്‌നാടിനു കൊടുക്കില്ല. സ്റ്റാലിനല്ല, ലെനിനോ മാർക്‌സോ എന്നു പറഞ്ഞാലും കാര്യം നടപ്പില്ല. അത്യാവശ്യം ഫോട്ടോയെടുക്കാൻ ഇന്ത്യ ഗ്രൂപ്പിൽ ഒന്നിച്ചു നിൽക്കാം. അത്ര തന്നെ. വെറുതെയല്ല, സി.പി.എം ഇന്ത്യയെ 'സഖ്യ'മെന്ന പേരു വെട്ടി 'ബ്ലോക്ക്' എന്നു വിളിച്ചത്. ബ്ലോക്ക് എന്നാൽ തടസ്സമെന്നും അർഥമുണ്ട്. ഭാവി കാര്യങ്ങൾ പ്രവചിക്കാൻ തക്കവണ്ണം അദ്ഭുത സിദ്ധിയുള്ള നേതാക്കളാരെങ്കിലും ആ പാർട്ടിയിലുണ്ടോ എന്ന കാര്യം ഇനിയും പുറത്തു വരാനുണ്ട്.
**** **** ****
പണ്ട് 'ഒന്നും ഫലിക്കാതെ വരുമ്പോൾ, 'കാളൻ നെല്ലായി' എന്നൊരു പരസ്യം കണ്ടിരുന്നു. ഇന്ന് ആ 'മരുന്നു കട'യെ ഓർമിപ്പിക്കുന്ന സംഭവങ്ങൾ എത്രയെത്ര!
മാർക്ക് ദാനം, വി.സി നിയമനം, ചെമ്പിൽ സ്വർണം (സ്വർണത്തിൽ ചെമ്പ് പണ്ടേയുണ്ട്) ഭാര്യക്ക് നിയമനം, യുവജന കമ്മീഷന് ലക്ഷം കുടിശ്ശികദാനം, മാസപ്പടി വിവാദം അങ്ങനെയങ്ങനെ ഒരു പേജിലും ഒതുങ്ങാത്ത വിവാദങ്ങൾ. ഇനി അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ തന്നെ പ്രതിപക്ഷ മുന്നണി തീരുമാനിച്ചു. 'തല'യുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാരെപ്പോലെ, സ്വയം ശങ്കിച്ചവർ ഒന്നു തപ്പിനോക്കാനും മടിച്ചില്ല. തീരുമാനത്തിലെത്താൻ പിന്നെ, തൊഴിൽ രഹിതർക്ക് നിമിഷം പോലും വേണ്ടിവന്നില്ല- അടുത്ത മാസം 18 ന് നിയമസഭാ മന്ദിരം വളയും. കാര്യം നിസ്സാരമല്ല; പ്രശ്‌നം ഗുരുതരമാകും എന്നാണ് ബുദ്ധി കേന്ദ്രങ്ങളിൽനിന്നും എ.കെ.ജി സെന്ററിലേക്ക് വാട്‌സ്ആപ്പും ഇമെയിലും പറന്നത്. പണ്ട് ഇന്നത്തെ ശിവൻകുട്ടി മന്ത്രിയുടെയും കൺവീനറുടെയുമൊക്കെ വളയലും ചോരപ്പുഴ ഒഴിക്കലുമൊക്കെ ക്യാമറകളും ദൈവ കൃപയാൽ തിളയ്ക്കുന്ന ചോര ഇല്ല. എങ്കിലും കരുതൽ വേണം. കരുവന്നൂരിൽ കരുതലുണ്ടായിട്ട് പോലും ചോർന്ന് അഞ്ഞൂറു കോടിയന്വേഷിച്ച് ഇ.ഡി വിടാതെ കൂടിയിരിക്കുന്നു. തദ്ദേശത്ത് ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം കയറി വരുന്നു. ചത്തുപോയെന്നു കരുതിയ വംശമാണ്. ഇനിയൊരു വഴിയേയുള്ളൂ; പൊതുജനത്തെ വാ തുറന്നും കണ്ണുമിഴിച്ചും ഇരിക്കുന്ന 'പോസിൽ' ഫ്രൂസ് ചെയ്യുക.
ആർട്ട് പടം കണ്ടു ബോറടിച്ചിരിക്കുന്നു 'വോട്ടറന്മാരെ വിളിച്ചുകൊണ്ടു പോരിക. 'മദാലസ'യോ 'അവളുടെ രാവുകളോ' പ്രദർശിപ്പിച്ചാൽ മതി. അങ്ങനെ 'സെൻസേഷൻ' സൃഷ്ടിക്കാൻ തൽക്കാലം ഒരേയൊരു 'കാളൻ നെല്ലായി' മാത്രം'- യുറേക്കാ എന്നു വിളിച്ച് ബുദ്ധി കേന്ദ്രങ്ങളിൽ നിന്നും പലരും മെയിൻ റോഡിലേക്ക് ഓടിയെന്ന്. കേൾക്കുന്നു: സംഗതി ഇത്രമാത്രം- 'മന്ത്രിസഭ പുനഃസംഘടന. കേട്ടപാതി, കേൾക്കാത്ത പാതി, ജനം ഇന്ദിരാഭവനെ കൈവെടിഞ്ഞ് പാളയം കടന്ന് 'സെന്ററിലേക്കു' പാഞ്ഞു. മണിക്കൂറുകൾക്കു ശേഷം വാർത്ത പരന്നു- ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് വല്യേട്ടൻ പാർട്ടിയിൽ നിന്നു മാത്രം അര ഡസൻ സഖാക്കൾ മന്ത്രിയായാൽ ധരിക്കാനുള്ള കുപ്പായം തുന്നിച്ചു കഴിഞ്ഞുവത്രേ! ഗണേശകുമാരൻ, കെ.സി. തോമസ് കടന്നപ്പള്ളി തുടങ്ങി വാർത്തക്ക് എരിവു പകരാൻ 'സൈഡ് ഡിഷ്' വേറെയും!
**** **** ****
വനിത സംവരണ ബില്ലു കൂടിയാകുമ്പോൾ കണക്ക് 'ടാലി'യാകുന്നു. തമിഴ്‌നാട്ടിലെ അണ്ണാമലക്ക് കയറ്റം കഠിനമാകുന്നത് മോഡി - ഷാജിമാർക്കു പ്രശ്‌നമേയല്ല. 'പിണറായി വിജയൻ ഈ വീടിന്റെ ഐശ്വര്യം' എന്നോ. സി.പി.എം ഈ വീടിന്റെ അനുഗ്രഹം' എന്നോ ഒരു ബോർഡ് എൻ.ഡി.എ സഖ്യത്തിന്റെ വാതിലിൽ ആണിയടിച്ചു വെയ്ക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. അടുത്ത നോട്ട് നിരോധനം ഉടനെ സംഭവിക്കാമെന്ന മല്ലികാബാണന്റെ പ്രസ്താവനയെ നേരിട്ടു കഴിഞ്ഞാലുടൻ സി.പി.എമ്മിനെ പരിഗണിക്കും. കേന്ദ്ര വിഹിതം, പലിശ, കുടിശ്ശിക ഇത്യാദി ബോറൻ വിഷയങ്ങൾ മിണ്ടിപ്പോകരുതെന്ന് സി.എ.ജിക്ക് ഉപദേശം ലഭിച്ചാലും അദ്ഭുതപ്പെടാനില്ല. 'ഇന്ത്യ'യെ വിരട്ടാൻ സഖാവ് മതി!