ജിദ്ദ - 2030 ഓടെ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് 50 ശതമാനം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നതായി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ലോക സുസ്ഥിര ഗതാഗത ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത മേഖലയിലെ പൊതുലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹകരണം, ഇന്നൊവേഷന്‍, മികച്ച സമ്പ്രദായങ്ങള്‍ പങ്കിടല്‍ എന്നിവയാണ് അടിസ്ഥാനം.
സുസ്ഥിരത സൗദി വിഷന്‍ 2030 പദ്ധതിയുടെ അടിസ്ഥാന ഭാഗമാണ്. സുസ്ഥിരതക്ക് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. പുനരുപയോഗ ഊര്‍ജ പദ്ധതികളിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം നാലു ശതമാനത്തിലധികം കുറക്കാന്‍ സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നു. 2030 ഓടെ വൈദ്യുതി ഉല്‍പാദനത്തിന്റെ 50 ശതമാനം പുനരുപയോഗ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ക്ലീന്‍ ഹൈഡ്രോകാര്‍ബണ്‍ സാങ്കേതികവിദ്യാ മേഖലയിലെ നിരവധി പദ്ധതികള്‍ പ്രതിവര്‍ഷം 13 കോടിയിലേറെ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കും.