ജിദ്ദ - സൗദി അറേബ്യക്കും ചൈനക്കും ഇടയില്‍ പുതിയ രണ്ടു റൂട്ടുകളില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇതിനുള്ള കരാറില്‍ സൗദിയിലെ എയര്‍ കണക്ടിവിറ്റി പ്രോഗ്രാമും ചൈനയിലെ ഹൈനാന്‍ എയര്‍ലൈന്‍സും ഒപ്പുവെച്ചു. അടുത്തിടെ റിയാദില്‍ നടന്ന പത്താമത് അറബ്-ചൈന ബിസിനസ് സമ്മേളനം കൈവരിച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യക്കും ചൈനക്കുമിടയില്‍ പുതിയ രണ്ടു സെക്ടറുകളില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. സൗദി അറേബ്യക്കും ചൈനക്കുമിടയില്‍ വിമാന സര്‍വീസുകള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുവരികയാണ്. പുതിയ സര്‍വീസുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കും. ഇത് രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസ, സാംസ്‌കാരിക, വാണിജ്യ വിനിമയം എളുപ്പമാക്കും.
സൗദി അറേബ്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും എയര്‍ റൂട്ടുകളാണ് പുതുതായി ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സൗദിയ ആരംഭിച്ച റിയാദ്, ബെയ്ജിംഗ്, ജിദ്ദ, ബെയ്ജിംഗ് സര്‍വീസുകള്‍ വന്‍ വിജയമായിട്ടുണ്ട്. നേരത്തെ മുതല്‍ ജിദ്ദക്കും ചൈനയിലെ ഗ്വാങ്‌ഷോക്കും ഇടയില്‍ സൗദിയ ഡയറക്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ചൈനീസ് സന്ദര്‍ശകര്‍ക്ക് സമ്പന്നമായ യാത്രാനുഭവം സൃഷ്ടിക്കാനും ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങളോടെയുള്ള സേവനങ്ങള്‍ നല്‍കാനുമാണ് എയര്‍ കണക്ടിവിറ്റി പ്രോഗ്രാം ആഗ്രഹിക്കുന്നതെന്ന് പ്രോഗ്രാം സി.ഇ.ഒ അലി റജബ് പറഞ്ഞു. ഹൈനാന്‍ എയര്‍ലൈന്‍സ് സൗദി വിപണിയില്‍ പ്രവേശിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കും. ഇത് സൗദിയില്‍ ലഭ്യമായ അവസരങ്ങള്‍ കണ്ടെത്താനും രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ചൈനീസ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അവസരമൊരുക്കും. മധ്യപൗരസ്ത്യദേശത്തെ വ്യോമയാന കേന്ദ്രമായും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന കേന്ദ്രമായും മാറാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്ത് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യയെന്നും അലി റജബ് പറഞ്ഞു.