കോഴിക്കോട് - ജനതാദൾ സെക്യുലർ (ജെ.ഡി.എസ്) കേന്ദ്ര നേതൃത്വം ബി.ജെ.പിയുടെ എൻ.ഡി.എ സഖ്യത്തിൽ ചേർന്നതോടെ പാർട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ജെ.ഡി.എസ് കേരള ഘടകത്തിൽ ഊർജിത നീക്കങ്ങൾ. ബി.ജെ.പിയിലേക്കു പോയ കേന്ദ്ര നേതൃത്വത്തെ പൂർണമായും തള്ളിയ കേരള ഘടകത്തിന് മുമ്പിലിപ്പോൾ ഭാവി സംബന്ധിച്ച് ഭിന്ന അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.
ഒന്നുകിൽ എം.വി ശ്രേയസ്‌കുമാറും കൂട്ടരുമുളള പഴയ എൽ.ജെ.ഡിക്കാരുടെ തട്ടകമായ ആർ.ജെ.ഡിയിൽ ലയിക്കുക. അതല്ലെങ്കിൽ ഒരു പാർട്ടിയിലും ലയിക്കാതെ കേരള പാർട്ടിയായി സ്വന്തം കാലിൽ നിൽക്കുക. എന്നാൽ ഇത് രണ്ടുമല്ലാതെ, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്.പിയിൽ ലയിക്കണമെന്ന അഭിപ്രായക്കാരും പാർട്ടിയിലുണ്ട്. ഒരു വിഭാഗം ബീഹാറിലെ ഭരണമുന്നണിയായ ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർ.ജെ.ഡി(രാഷ്ട്രീയ ജനതാദൾ)യിൽ ലയിക്കണമെന്ന് പറയുമ്പോൾ, വേറൊരു വിഭാഗം ആർ.ജെ.ഡിയിൽ ലയിക്കാതെ സംസ്ഥാന പാർട്ടിയായി മുന്നോട്ടു പോകണമെന്ന നിർദേശമാണ് മുന്നോട്ടു വയക്കുന്നത്. എൽ.ജെ.ഡിക്കൊപ്പം ആർ.ജെ.ഡിയിൽ ലയിക്കണമെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണകുട്ടിയെ അനുകൂലിക്കുന്ന വിഭാഗമുള്ളത്. അതല്ലെങ്കിൽ മുൻ കേന്ദ്രമന്ത്രിയും കർണാടകയിലെ നേതൃതീരുമാനത്തിനെതിരെ ശബ്ദിച്ച മുതിർന്ന നേതാവ് സി.എം ഇബ്രാഹിമിന്റെ കൂടെ നിൽക്കണമെന്ന ആവശ്യവും കൃഷ്ണൻകുട്ടി വിഭാഗം മുന്നോട്ടു വയ്ക്കുന്നു.
എന്നാൽ, സംസ്ഥാന പാർട്ടിയായി സ്വതന്ത്രമായി സ്വന്തം കാലിൽ നില്ക്കണമെന്ന കാഴ്ചപ്പാടാണ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിനുള്ളതെന്നും പറയുന്നു. അതേസമയം, യു.പിയിലെ മുൻ ഭരണകക്ഷിയായ മുലായംസിംഗ് യാദവിന്റെ മകൻ അഖിലേഷിന്റെ നേതൃത്വത്തിലുള്ള എസ്.പി (സമാജ്‌വാദി പാർട്ടി)യിൽ ലയിക്കണമെന്ന വാദക്കാരും പാർട്ടിയിലുണ്ട്.
എസ്.പിയിൽ ലയിച്ചാൽ കേരളത്തിലെ നേതൃത്വം സംബന്ധിച്ച് വലിയ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെന്നും എന്നാൽ, ആർ.ജെ.ഡിയിൽ ലയിച്ചാൽ കേരളത്തിലെ അതിന്റെ തലപ്പത്തുള്ള എം.വി ശ്രേയാംസ്‌കുമാറും സംഘവുമായി വീണ്ടും അധികാരം പങ്കിട്ടെടുക്കുന്നതിൽ സങ്കീർണതകൾ ഉടലെടുക്കുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഏകോപിച്ച ഒരു തീരുമാനം എടുക്കാനായി ഒക്ടോബർ ഏഴിന് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഐകകണ്ഠനേയുള്ള ഒരു തീരുമാനത്തിൽ ജെ.ഡി.എസ് നേതൃത്വം എത്തിയില്ലെങ്കിൽ നേതാക്കൾ രണ്ടു തട്ടുകളിലായി പാർട്ടി വീണ്ടും ഭിന്നിക്കാനും സാധ്യതയുണ്ട്. എന്തായാലും ഏഴാം തിയ്യതിയിലെ യോഗം പാർട്ടിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
അതിനിടെ, എം.വി ശ്രേയാംസ്‌കുമാർ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയും എം.എൽ.എയുമായ അഡ്വ. മാത്യു ടി തോമസുമായും മന്ത്രി കൃഷ്ണൻകുട്ടിയുമായും വിഷയങ്ങൾ ചർച്ച നടത്തി തങ്ങളുടെ താൽപര്യം അറിയിച്ചിട്ടുണ്ട്. ജെ.ഡി.എസ് ലയനത്തിനായി വാതിലുകൾ സന്തോഷപൂർവം തുറന്നിട്ടിരിക്കുകയാണെന്നും മറ്റു വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നുമാണ് വാഗ്ദാനം. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇക്കാര്യം വളരെ ഗൗരവപരമായി ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്താം എന്നാണ് ഇരുവരും ശ്രേയാംസ്‌കുമാറിനെ അറിയിച്ചിട്ടുള്ളത്.