കൊല്ലം- രാജസ്ഥാനിൽ ജോലി ചെയ്യുന്ന സൈനികന്റെ ദേഹത്ത് കൊല്ലം കടയ്ക്കലിൽ പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ദേഹത്ത് പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് മൊഴി നൽകി.
ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചുവെന്നും സുഹൃത്ത് നൽകിയ മൊഴിയിലുണ്ട്. ഷൈൻ മർദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്തില്ലെന്നും ജോഷിയുടെ മൊഴിയിലുണ്ട്.
സുഹൃത്തിന് പണം കൊടുക്കാനായി പോകുന്ന സമയത്ത് വഴിയിൽ കുറച്ച് പേരെ കാണുകയും അവർ തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തുകയും ചെയ്തു എന്നായിരുന്നു ഇയാൾ ഇന്നലെ പരാതി നൽകിയത്. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്നാണ് എഴുതിയത് എന്ന് മനസിലായതെന്നും ഇയാൾ നൽകിയ പരാതിയിലുണ്ടായിരുന്നു. പരാതിയിൽ പലയിടത്തും പൊരുത്തക്കേടുകൾ ഉള്ളതിനാൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും ഐ.ബിയും അന്വേഷണം നടത്തിയിരുന്നു.