മലപ്പുറം- താനൂര്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അ്‌നുവദിച്ചു.
മന്‍സൂര്‍, ജബീര്‍, ആബിദ്, മുഹമ്മദ് കെ ടി എന്നീ നാല് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവര്‍ക്കൊപ്പമായിരുന്നു തമിര്‍ ജിഫ്രി പിടിയിലായി പിന്നീട് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ഇവരില്‍ നിന്നും എം. ഡി. എം. എ പിടികൂടി എന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എഫ്. എസ്. എല്‍ റിപ്പോര്‍ട്ടില്‍ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിനാണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
നേരത്തെ അന്വേഷണം സി. ബി. ഐക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിന് അവശ്യമായ എല്ലാ സഹായങ്ങളും സി. ബി. ഐക്കു നല്‍കാനും ഉത്തരവിട്ടു. ക്രൈംബ്രാഞ്ചായിരുന്നു മുന്‍പ് കേസ് അന്വേഷിക്കുന്നതെങ്കിലും ഗുരുതര സ്വഭാവമുള്ള കേസാണിതെന്നും ഇത്തരം കേസുകള്‍ സി. ബി. ഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.