മലപ്പുറം - ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള അവാർഡിന് ഏതുനിലയ്ക്കും സർവ്വത്ര അർഹൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. മലപ്പുറത്ത് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ യശ്ശശരീരനായ ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള അവാർഡ് വിതരണ ചടങ്ങിൽ ആര്യാടൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഹസൻ.
എനിക്കും പ്രതിപക്ഷ നേതാവിനെപോലെ തൊണ്ട പ്രശ്‌നമുണ്ട്. അതിനാൽ നീട്ടി സംസാരിക്കുന്നില്ല. നിയമസഭയിൽ എത്തിയ കാലം തൊട്ടേ ശ്രദ്ധേയമായ നിലയിൽ സതീശൻ പ്രതിഭ തെളിയിച്ചിട്ടുണ്ട്. വളരെ ഷാർപ്പായി വിഷയങ്ങൾ അവതരിപ്പിക്കാനും കൃത്യമായി കാര്യങ്ങൾ ഉന്നയിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പലപ്പോഴും എന്നിൽ വലിയ മതിപ്പുളവാക്കിയിട്ടുണ്ട്. അദ്ദേഹം ഇതിനേക്കാൾ വലിയ സ്ഥാനത്ത് എത്തുമെന്നാണ് ഞാൻ പ്രതീക്ഷിച്ചതെന്നും വലിയ വിജയങ്ങൾ ആശംസിക്കുന്നതായും എം.എം ഹസൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ വലിയ വാഗ്ദാനമാണ് വി.ഡി സതീശനെന്ന് അദ്ദേഹത്തിന്റെ നിയമസഭയിലെ അസാമാന്യമായ ഓരോ ഇടപെടലുകളും ഓർമിപ്പിക്കുന്നവെന്ന് കെ.സി ജോസഫ് എം.എൽ.എ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, എ.പി അനിൽകുമാർ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, പി.എ സലീം, ആലിപ്പറ്റ ജമീല, സി ഹരിദാസ്, ആലിക്കുഞ്ഞ്, അഡ്വ. അജയ് മോഹൻ തുടങ്ങിയവർ സംസാരിച്ചു. ചങ്ങിൽ ആര്യാടന്റെ പേരിലുള്ള കലണ്ടർ പ്രതിപക്ഷ നേതാവ് പ്രകാശനം ചെയ്തു. ആര്യാടനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.