Sorry, you need to enable JavaScript to visit this website.

കൗതുകം പകർന്ന ചില തെരഞ്ഞെടുപ്പുകൾ

കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി മത്സരമാണ് ഇ.കെ. നായനാരും കടന്നപ്പള്ളി രാമചന്ദ്രനും തമ്മിൽ 1971 ൽ നടന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എ.കെ. ഗോപാലൻ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് കാസർകോട്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഇ.കെ. നായനാർ 26 വയസ്സ് മാത്രമുള്ള കെ.എസ്.യു നേതാവ് കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു. 

 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജയ്ക് സി. തോമസ് പരാജയപ്പെട്ടതിനെ തുടർന്ന് അപ്പനോടും മകനോടും പരാജയപ്പെട്ടവൻ എന്ന തരത്തിൽ ട്രോളുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. എന്നാൽ കേരള ചരിത്രത്തിൽ ഇതിനു സമാനമായതോ  ഇതിനേക്കാൾ കൗതുകം നിറഞ്ഞതോ ആയ ഫലങ്ങൾ ഉപതെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിലും ധാരാളമുണ്ടായിട്ടുണ്ട്. 
പിറവം നിയമസഭ മണ്ഡലത്തിൽ കേരള കോൺഗ്രസ് നേതാവ് ടി.എം. ജേക്കബിനോടും മകൻ അനൂപ് ജേക്കബിനോടും പരാജയപ്പെട്ട വ്യക്തിയാണ് സി.പി.ഐ (എം) യിലെ എം.ജെ. ജേക്കബ്. എന്നാൽ എം.ജെ. ജേക്കബ് ഇതേ മണ്ഡലത്തിൽ നിന്ന് 2006 ൽ ടി.എം. ജേക്കബിനെ പരാജയപ്പെടുത്തി നിയമസഭാംഗമായിട്ടുണ്ട് എന്ന വ്യത്യാസമുണ്ട്. ഇതിന് സമാനമാണ് ആദ്യ വിജയത്തിന് ശേഷം തുടർച്ചയായ രണ്ട് പരാജയങ്ങൾ നേരിട്ട ഷിബു ബേബി ജോണിന്റെയും ചരിത്രം. സിറ്റിംഗ് എം.എൽ.എയായ ഷിബു ബേബിജോണും എൻ. വിജയൻ പിള്ളയും തമ്മിലായിരുന്നു 2016 ലെ പൊതുതെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിലെ പ്രധാന പോര്. പേര് പോലെ തന്നെ വിജയം വിജയൻ പിള്ളക്കൊപ്പമായിരുന്നു. 2020 മാർച്ചിൽ അദ്ദേഹം മരണപ്പെട്ടെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നില്ല. പിന്നീട് 2021 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പിള്ളയുടെ മകൻ സുജിത്ത് വിജയൻ പിള്ളയെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. പിതാവിന് പിന്നാലെ മകനിലൂടെയും ഷിബു ബേബിജോൺ പരാജയത്തിന്റെ രുചിയറിഞ്ഞു. പിതാവിനോടും മകനോടും പരാജയം ഏറ്റുവാങ്ങിയ മറ്റൊരു സ്ഥാനാർഥിയാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ പോൾ. പാർലമെന്റിലേക്ക് ജോർജ് ഈഡനോടും നിയമസഭയിലേക്ക് ഹൈബി ഈഡനോടുമാണ് എൽ.ഡി.എഫ് സ്വതന്ത്രനായ സെബാസ്റ്റ്യൻ പോൾ പരാജയപ്പെട്ടത്. എം.എൽ.എ ആയിരിക്കേ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ച പിതാവും മകനും എന്ന റെക്കോർഡും ജോർജ് ഈഡന്റെയും ഹൈബി ഈഡന്റെയും പേരിലാണ്. 
അച്ഛനോടും മകനോടും മത്സരിച്ച് രണ്ടുപേരെയും പരാജയപ്പെടുത്തിയാണ് സി.പി.ഐ നേതാവായ വി.വി. രാഘവൻ ചരിത്രത്തിൽ ഇടം നേടിയത്. കേരള രാഷ്ട്രീയത്തിലെ അതികായനും ചാണക്യനുമായ ലീഡർ കെ. കരുണാകരൻ 1996 ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ മുൻമന്ത്രി കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി വി.വി. രാഘവനായിരുന്നു മുഖ്യ എതിരാളി. തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമാണ് രാഘവൻ നേടിയത്. കാലാവധി പൂർത്തിയാക്കാൻ കഴിയാതെ ലോക്‌സഭ പിരിച്ചുവിട്ടതിനെ തുടർന്ന് നടന്ന 1998 ലെ ഇലക്ഷനിൽ യു.ഡി.എഫിന്റെ സ്ഥാനാർഥി കെ. മുരളീധരൻ. സി.പി.ഐ ഒരിക്കൽ കൂടി രാഘവനെ പരീക്ഷിച്ചു. മറുത്തൊന്നും സംഭവിച്ചില്ല. തൃശൂരിലെ വോട്ടർമാർ വീണ്ടും വി.വി. രാഘവനെ തന്നെ തെരഞ്ഞെടുത്തു. പിതാവിനെയും മകനെയും പരാജയപ്പെടുത്തിയ മറ്റൊരു അനുഭവം മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനാണ്. കോഴിക്കോട് രണ്ടാം നിയോജക മണ്ഡലത്തിൽ 1996 ൽ മുനീർ മത്സരിക്കുമ്പോൾ മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി. കുഞ്ഞു ആയിരുന്നു പ്രതിയോഗി. സി.പി.എമ്മിന് മികച്ച വേരോട്ടമുള്ള മണ്ഡലമാണെങ്കിലും ജയം എം.കെ. മുനീറിനൊപ്പമായിരുന്നു. 2011 ൽ വീണ്ടും മുനീർ അവിടെ മത്സരിക്കാനെത്തിയപ്പോൾ സി.പി. കുഞ്ഞുവിന്റെ മകൻ മുസാഫർ അഹമ്മദിനെയാണ് സി.പി.എം മത്സരിപ്പിച്ചത്. പക്ഷേ മുനീറിന് അനുകൂലമായാണ് ജനവിധി ഉണ്ടായത്. ചിറ്റൂർ മണ്ഡലത്തിൽ സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി തോൽപിച്ചത് പ്രമുഖ കോൺഗ്രസ് നേതാവിനെയും മകനെയും. 1996 മുതൽ 2016 വരെ കോൺഗ്രസിന്റെ കെ. അച്ചുതനായിരുന്നു ചിറ്റൂരിനെ പ്രതിനിധീകരിച്ചത്. ഈ ആധിപത്യം തകർത്താണ് 2016 ൽ സോഷ്യലിസ്റ്റ് നേതാവ് മണ്ഡലം പിടിച്ചെടുത്തത്. 
അച്ഛൻ തോൽപിച്ചതിന് മകനോട് മനോഹരമായി പകരം വീട്ടിയ കഥയാണ് മാണി സി. കാപ്പന്റേത്. പാലായുടെ പര്യായമായ കെ.എം. മാണി സാറിനോട് മൂന്നു തവണ നേർക്കുനേർ ഏറ്റുമുട്ടിയെങ്കിലും ഒരിക്കൽ പോലും വിജയിക്കാൻ കാപ്പന് കഴിഞ്ഞിരുന്നില്ല. കെ.എം. മാണിയുടെ മരണത്തോടെ പാലായുടെ ജാതകം തിരുത്തി എഴുതുകയായിരുന്നു മാണി സി. കാപ്പൻ. ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയോടുള്ളതിനേക്കാൾ വോട്ടർമാരുടെ സഹതാപം മൂന്നു തവണ പരാജയപ്പെട്ട കാപ്പനോടായിരുന്നു. ആദ്യമായി എം.എൽ.എയായ മാണി സി. കാപ്പൻ പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ മകനും കേരള കോൺഗ്രസ് ചെയർമാനുമായ ജോസ് കെ. മാണിയെയും തറപറ്റിച്ചതോടെ പിതാവ് തോൽപിച്ചവൻ മകനെ തോൽപിച്ച് വിസ്മയമായി.
അച്ഛനെ തോൽപിച്ചയാളെ മകൻ തിരിച്ചു തോൽപിച്ചു.
സി.പി.ഐ (എം) നേതാവ് എം. വിജയകുമാറും കോൺഗ്രസ് നേതാവ് ജി. കാർത്തികേയനും തമ്മിൽ 1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയപ്പോൾ വിജയം വിജയകുമാറിനായിരുന്നു. കാർത്തികേയനും വിജയകുമാറും പിന്നീടും എം.എൽ.എമാർ ആയെങ്കിലും നേരിട്ട് മത്സരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നിയമസഭ സ്പീക്കറായിരിക്കേ 2015 ൽ കാർത്തികേയൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി മത്സരിച്ചത് മകൻ കെ.എസ്. ശബരീനാഥനായിരുന്നു, എൽ.ഡി.എഫിന് വേണ്ടി എം. വിജയകുമാറും. പതിറ്റാണ്ടുകൾക്ക് മുമ്പ് കാർത്തികേയനു മേൽ വിജയം വരിച്ചെങ്കിലും നവാഗതനായ ശബരീനാഥനെ മറികടക്കാൻ വിജയകുമാറിന് കഴിഞ്ഞില്ല. അച്ഛന് സാധിക്കാത്തത് മകനിലൂടെ സാധിച്ചു എന്നർത്ഥം.
രണ്ട് തെരഞ്ഞെടുപ്പുകളിൽ പരസ്പരം മത്സരിച്ച് ഓരോ ജയവും പരാജയവും രുചിച്ച കോഴിക്കോട് ലോക്‌സഭ മണ്ഡലം എന്നും ശ്രദ്ധേയമായിരുന്നു. 1991 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ ജനതാദളിലെ എം.പി. വീരേന്ദ്ര കുമാറിനെ തോൽപിച്ചപ്പോൾ 1996 ൽ വീരേന്ദ്ര കുമാർ മുരളീധരനെ തിരിച്ചു തോൽപിച്ച് മധുരമായി പ്രതികാരം വീട്ടി. ഇതിന്റെ തനിയാവർത്തനമാണ് 1989 ലും 1991 ലും വി.എസ്. വിജയരാഘവനും എ. വിജയരാഘവനും തമ്മിൽ മത്സരിച്ച പാലക്കാട് ലോക്‌സഭ മണ്ഡലത്തിലും ഉണ്ടായത്. മറ്റൊന്ന് ചവറ നിയോജക മണ്ഡലത്തിലാണ്. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി സ്ഥാനാർഥിയും ഷിബു ബേബിജോൺ യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനായിരുന്നു ജയം. തൊട്ടടുത്ത 2011 ലെ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെ പരാജയപ്പെടുത്തി ഷിബു ബേബിജോൺ നിയമസഭയിലെത്തി.
ബെസ്റ്റ് ഓഫ് ത്രി മത്സരമായിരുന്നു കൊല്ലത്ത് നടന്നത്. 1987 ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ആർ.എസ്.പിയുടെ ബാബു ദിവാകരൻ കൊല്ലം മണ്ഡലത്തിൽ മത്സരിച്ച  ആർ.എസ്.പി എസിലെ കടവൂർ ശിവദാസനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1991 ൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച കടവൂർ ശിവദാസൻ  ബാബു ദിവാകരനെ മലർത്തിയടിച്ചു.1996 ൽ ഇവർ തമ്മിലുള്ള മൂന്നാമങ്കത്തിൽ ബാബു ദിവാകരൻ കപ്പുയർത്തി.
കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി മത്സരമാണ് ഇ.കെ. നായനാരും കടന്നപ്പള്ളി രാമചന്ദ്രനും തമ്മിൽ നടന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എ.കെ. ഗോപാലൻ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് കാസർകോട്. 1971 ൽ സിറ്റിംഗ് സീറ്റുകളായ പാലക്കാടും കാസർകോടും  പരസ്പരം വെച്ചുമാറി എത്തിയ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഇ.കെ. നായനാർ 26 വയസ്സ് മാത്രമുള്ള കെ.എസ്.യു നേതാവ് കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു. എ.കെ.ജി പാലക്കാട്ട് വിജയിക്കുകയും ചെയ്തു.
പാർട്ടിയംഗത്വവും എം.എൽ.എ സ്ഥാനവും രാജിവെച്ച് മറ്റൊരു പാർട്ടിയിൽ ചേർന്ന് അതേ മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചു കയറിയ ആളാണ് ആർ. ശെൽവരാജ്. സി.പി.ഐ (എം) അംഗവും 2011 ലെ എം.എൽ.എയുമായ ശെൽവരാജ് രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് കയറുകയും ചെയ്തു. എന്നാൽ 2016 ലെയും 2021 ലെയും തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര കയറാൻ ജനം അദ്ദേഹത്തെ അനുവദിച്ചില്ല. നിയമസഭയിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ആൾ എന്ന റെക്കോർഡ് എം.വി. രാഘവന്റെ പേരിലാണ്. എൽ.ഡി.എഫിലും യു.ഡി.എഫിലുമായി വ്യത്യസ്ത കാലയളവിൽ ഏഴ് മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എം.എൽ.എയായത്.

Latest News