തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എല്‍ വിഭാഗക്കാര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. ബി പി എല്‍ വിഭാഗക്കാരല്ലാത്ത ആയിരങ്ങളാണ് ആശുപത്രിയിലെത്തുന്നതെന്നും ഇവര്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലെന്നും പരാതിയില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ നജീബ് ബഷീര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നിരക്ക് വര്‍ധിപ്പിച്ച് ആശുപത്രി സൂപ്രണ്ട് വകുപ്പ് മേധാവികള്‍ക്ക് നേരത്തെ സര്‍ക്കുലര്‍ അയച്ചിരുന്നു.