നിയോം, തബൂക്ക് - സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ നിയോം പ്രദേശത്ത് ആദ്യ മന്ത്രിസഭാ യോഗം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്നലെ ഉച്ചക്കു ശേഷമാണ് ലോകത്തെ ഏറ്റവും വലിയ വികസന പദ്ധതിയായ നിയോം സിറ്റിയിൽ മന്ത്രിസഭ യോഗം ചേർന്നത്. തിങ്കളാഴ്ച വൈകിട്ടാണ് രാജാവ് നിയോം സിറ്റിയിൽ എത്തിയത്. അവധിക്കാലം രാജാവ് ഇവിടെ ചെലവഴിക്കും.
ചെങ്കടലിൽ അൽഹുദൈദ തുറമുഖത്തിന് പടിഞ്ഞാറ് സൗദി എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്നതിനുള്ള വിഫലമായ ശ്രമം മേഖലാ, ആഗോള സുരക്ഷക്ക് ഹൂത്തികൾ സൃഷ്ടിക്കുന്ന അപകടമാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രിസഭാ യോഗം പറഞ്ഞു. എണ്ണക്കപ്പലുകൾക്കുള്ള ഭീഷണി ചെങ്കടലും ബാബൽമന്ദബ് കടലിടുക്കും വഴിയുള്ള സ്വതന്ത്ര വ്യാപാരത്തെയും കപ്പൽ ഗതാഗതത്തെയും ബാധിക്കും. ലോക വ്യാപാരവും കപ്പൽ ഗതാഗതവും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള സൈനിക താവളമായി ഉപയോഗിക്കുന്നത് തടയുന്നതിന് അൽഹുദൈ ഗവർണറേറ്റും അൽഹുദൈദ തുറമുഖവും നിയമാനുസൃത യെമൻ ഗവൺമെന്റിന് കൈമാറണമെന്ന് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.
ഹൈഡ്രോകാർബൺ കാര്യങ്ങൾക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ സുപ്രീം കമ്മിറ്റി രൂപീകരിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഊർജ-വ്യവസായ മന്ത്രി, വാണിജ്യ-നിക്ഷേപ മന്ത്രി, ധന മന്ത്രി, സാമ്പത്തിക-ആസൂത്രണ മന്ത്രി, മറ്റു രണ്ടു മന്ത്രിമാർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. കൗമാര അവകാശ നിയമം മന്ത്രിസഭ അംഗീകരിച്ചു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സമർപ്പിച്ച ശുപാർശയും ശൂറാ കൗൺസിൽ തീരുമാനവും പരിശോധിച്ചാണ് നിയമം മന്ത്രിസഭ അംഗീകരിച്ചത്.
പത്തു മാസം മുമ്പാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിയോം പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം അവധിക്കാലം ചെലവഴിക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനും രാജാവ് നിയോം സിറ്റി തെരഞ്ഞെടുത്തതിലൂടെ പത്തു മാസത്തിനകം ഈ സ്വപ്‌നം യാഥാർഥ്യമാകുന്നതിന്റെ ആദ്യ തുടിപ്പുകൾക്ക് ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചു. പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുത്ത നിയോം സിറ്റിയിയുടെ ധമനികളിൽ ജീവന്റെ തുടിപ്പുകൾ ആരംഭിച്ചു. അത്യാധുനിക റോബോട്ടുകളുടെ വൻ നിരയും ലോകത്തെ ഏറ്റവും വലിയ സൗരോർജ ഉൽപാദന കേന്ദ്രവും അടങ്ങിയ നിയോം 50,000 കോടി ഡോളർ ചെലവഴിച്ചാണ് നടപ്പാക്കുന്നത്.
'നിയോം ഫ്യൂച്ചർ ഡെസ്റ്റിനേഷൻ' എന്ന് പേരിട്ട പദ്ധതി ഉത്തര, പശ്ചിമ സൗദിയിലാണ് നടപ്പാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയാണിത്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പത്തു മാസം മുമ്പ് സ്വപ്ന പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തെ മുൻനിര മാതൃകാ രാജ്യമാക്കി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിനുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സൗദി, ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെ അതിർത്തികൾക്കകത്ത് യാഥാർഥ്യമാക്കുന്ന പദ്ധതി ലോകത്ത് മൂന്നു രാജ്യങ്ങളിൽ പരന്നുകിടക്കുന്ന ലോകത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാകും. ഊർജം-ജലം, ഗതാഗതം, ബയോടെക്‌നോളജി, ടെക്‌നിക്കൽ-ഡിജിറ്റൽ സയൻസസ്, ഫുഡ്, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ്, മാധ്യമം-മീഡിയ നിർമാണം, വിനോദം, ജീവിത രീതി എന്നീ ഒമ്പതു പ്രധാന നിക്ഷേപ മേഖലകൾക്ക് നിയോം പദ്ധതി ഊന്നൽ നൽകുന്നു. സൗദി ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും പ്രാദേശിക, വിദേശ നിക്ഷേപകരുമാണ് പദ്ധതി പ്രദേശത്ത് മുതൽ മുടക്കുക. വൈജ്ഞാനിക, സാങ്കേതിക, ഗവേഷണ, വിദ്യാഭ്യാസ തൊഴിൽ, ചികിത്സാ, താമസ മേഖലകളിൽ ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ഏഷ്യ, ആഫ്രിക്ക വൻകരകളെ ബന്ധിപ്പിക്കുന്ന കിംഗ് സൽമാൻ കോസ്‌വേയുടെ പ്രധാന പ്രവേശന കവാടം നിയോം പദ്ധതി പ്രദേശത്താകും. ഇത് പദ്ധതിയുടെ സാമ്പത്തിക പ്രാധാന്യം വർധിപ്പിക്കുന്നു. ലോകത്തെ ഏറ്റവും സുരക്ഷിത മേഖലയായിരിക്കും നിയോം പദ്ധതി പ്രദേശം. ഇതിനായി ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. സൗദി അറേബ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിയമങ്ങളാണ് നിയോം പദ്ധതി പ്രദേശത്തുണ്ടാവുകയെന്ന് കിരീടാവകാശി വെളിപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ കസ്റ്റംസ്, തൊഴിൽ, നികുതി നിയമങ്ങൾ അടക്കമുള്ള സാധാരണ നിയമങ്ങളെല്ലാം സൗദിയിലെതിന് വ്യത്യസ്തമായിരിക്കും. എന്നാൽ പരമാധികാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിയോം പദ്ധതി പ്രദേശത്ത് അടക്കം രാജ്യത്ത് എല്ലായിടത്തും ഒന്നു തെന്നയായിരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടം 2025 ൽ ഉദ്ഘാടനം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.