Sorry, you need to enable JavaScript to visit this website.

അറബ് ലോകത്ത് പച്ചക്കറി ഉൽപാദനത്തിൽ സൗദി മൂന്നാം സ്ഥാനത്ത്

ജിദ്ദ - അറബ് ലോകത്ത് ഏറ്റവുമധികം പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ മൂന്നാം സ്ഥാനത്താണെന്ന് യു.എന്നിനു കീഴിലെ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ വ്യക്തമാക്കി. പച്ചക്കറി കൃഷിക്ക് അനുയോജ്യമല്ലെന്ന് മുമ്പ് കണക്കാക്കിയിരുന്ന ഏഴു അറബ് രാജ്യങ്ങൾ പട്ടികയിൽ അടങ്ങിയിരിക്കുന്നു. സൗദി അറേബ്യ പ്രതിവർഷം 1,700 കോടി ഡോളർ (6,375 കോടി റിയാൽ) വില വരുന്ന പച്ചക്കറികളാണ് ഉൽപാദിപ്പിക്കുന്നത്. പച്ചക്കറി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് ഈജിപ്തും രണ്ടാം സ്ഥാനത്ത് അൾജീരിയയുമാണ്. 
ഈജിപ്ത് പ്രതിവർഷം 2,700 കോടി ഡോളറിന്റെയും അൾജീരിയ 2,300 കോടി ഡോളറിന്റെയും നാലാം സ്ഥാനത്തുള്ള മൊറോക്കൊ 1,500 കോടി ഡോളറിന്റെയും അഞ്ചാം സ്ഥാനത്തുള്ള സുഡാൻ 1,400 കോടി ഡോളറിന്റെയും ആറാം സ്ഥാനത്തുള്ള ഇറാഖ് 800 കോടി ഡോളറിന്റെയും ഏഴാം സ്ഥാനത്തുള്ള യു.എ.ഇ 500 കോടി ഡോളറിന്റെയും പച്ചക്കറികൾ പ്രതിവർഷം ഉൽപാദിപ്പിക്കുന്നു. 
അറബ് ലോകത്ത് ഏറ്റവുമധികം ഉൽപാദിപ്പിക്കുന്ന പച്ചക്കറി ബീറ്റ്‌റൂട്ട് ആണ്. ക്യാരറ്റ്, മുള്ളങ്കിക്കഴങ്ങ് (റാഡിഷ്) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ഏറ്റവും കുറവ് ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ കൂസയും (ചെറിയ മത്തൻ), പച്ചമുളകും തക്കാളിയുമാണ്. കൃഷിക്ക് അനുയോജ്യമായ വൈവിധ്യമാർന്ന സീസണുകളുള്ള കാലാവസ്ഥയും സമൃദ്ധമായ ജലസ്രോതസ്സുകളും അറബ് രാജ്യങ്ങളുടെ സവിശേഷതയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യുന്ന വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യാൻ ഇത് സഹായിക്കുന്നു. ചില അറബ് രാജ്യങ്ങൾ ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നതിനും മറ്റു ചില രാജ്യങ്ങൾ ഗോതമ്പ് ഉൽപാദിപ്പിക്കുന്നതിനും വേറെ ചില രാജ്യങ്ങൾ തക്കാളിയും കക്കരിയും ഉൽപാദിപ്പിക്കുന്നതിനും പ്രശസ്തമാണ്.
 

Latest News