മക്ക - പ്രായാധിക്യം ചെന്നവരും രോഗികളും അവശരുമായ തീർഥാടകരെ സഹായിക്കുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി മിനായിൽ തമ്പുകൾക്കു സമീപം ഇലക്ട്രിക് എസ്‌കലേറ്ററുകൾ സ്ഥാപിച്ചു. അൽഖൈഫ് മസ്ജിദിനു സമീപം മജ്ർ അൽകബ്ശ് ഏരിയയിൽ ആകെ 18 എസ്‌കലേറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി അംഗവും ആഭ്യന്തര ഹജ് സർവീസ് കമ്പനി കൂട്ടായ്മ വക്താവുമായ മുഹമ്മദ് സഅദ് അൽഖുറശി പറഞ്ഞു. മുപ്പതു ലക്ഷം റിയാൽ ചെലവഴിച്ചാണ് എസ്‌കലേറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.
ആഭ്യന്തര ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും മിനായിലും അറഫയിലും തമ്പുകൾ സജ്ജീകരിച്ചുവരികയാണ്. തമ്പുകളിൽ സെൻട്രൽ എയർ കണ്ടീഷനറുകളും ടോയ്‌ലെറ്റുകളും ഒരുക്കുകയും ഡെക്കറേഷൻ, ജിപ്‌സം ജോലികൾ പൂർത്തിയാക്കുകയും ചെയ്യുന്നുണ്ട്. ഹജ് തീർഥാടകർ പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്നതിനു മുമ്പായി തമ്പുകൾ സജ്ജീകരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികൾ പൂർത്തിയാക്കുന്നത്. ഇ-ട്രാക്കിൽ ആഭ്യന്തര ഹജ് തീർഥാടകർക്ക് നീക്കിവെച്ച സീറ്റുകളിൽ 85 ശതമാനവും ഇതിനകം തീർന്നുപോയിട്ടുണ്ട്. ദുൽഹജ് ഏഴു വരെ ഹജിന് രജിസ്റ്റർ ചെയ്യുന്നതിന് അവസരമുണ്ടെന്നും മുഹമ്മദ് സഅദ് അൽഖുറശി പറഞ്ഞു.