Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ്: ബലികർമം നിർവഹിക്കുന്നതിന് ഇരുപതിനായിരം കശാപ്പുകാർ

ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയെ കുറിച്ച് അറിയിക്കുന്നതിന് ജിദ്ദയിൽ ഐ.ഡി.ബി വിളിച്ചുചേർത്ത യോഗത്തിൽ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പ് ചെയർമാൻ ഡോ. ബന്ദർ ഹജ്ജാർ സംസാരിക്കുന്നു. 

ജിദ്ദ - ഈ വർഷം ഹജിനിടെ തീർഥാടകർക്കു വേണ്ടി ബലി കർമം നിർവഹിക്കുന്നതിന് പുണ്യസ്ഥലങ്ങളിലെ കശാപ്പുശാലകളിൽ ഇരുപതിനായിരം കശാപ്പുകാർ സേവനമനുഷ്ഠിക്കുമെന്ന് ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് അറിയിച്ചു. ഈജിപ്ത്, തുർക്കി, ജോർദാൻ, മൊറോക്കൊ, സുഡാൻ എന്നീ അഞ്ചു രാജ്യങ്ങലിൽ നിന്നാണ് കശാപ്പുകാരെ റിക്രൂട്ട് ചെയ്യുന്നത്. ഈജിപ്തിൽ നിന്ന് 12,000 കശാപ്പുകാരും തുർക്കയിൽ നിന്ന് ഏഴായിരം കശാപ്പുകാരും സുഡാൻ, മൊറോക്കൊ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ആയിരം കശാപ്പുകാരെയുമാണ് റിക്രൂട്ട് ചെയ്യുന്നത്. ഇവർക്കു പുറമെ വെറ്റിറനറി ഡോക്ടർമാർ, മതപരമായ വ്യവസ്ഥകൾ തികഞ്ഞ കാലികളാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്ന സൂപ്പർവൈസർമാർ, ഓഫീസ് ജീവനക്കാർ, മെയിന്റനൻസ് ജീവനക്കാർ, ഡ്രൈവർമാർ, സാങ്കേതിക ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ പെട്ട ഇരുപതിനായിരം പേരും പദ്ധതിക്കു കീഴിൽ സേവനമനുഷ്ഠിക്കുമെന്ന് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് അധികൃതർ വ്യക്തമാക്കി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി, മക്ക ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റി, അൽഖസീം യൂനിവേഴ്‌സിറ്റി, ഹായിൽ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വെറ്റിറനറി വിദ്യാർഥികളും സൗദി അറേബ്യ, സുഡാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വെറ്റിറനറി ഡോക്ടർമാരും പദ്ധതിക്കു കീഴിൽ സേവനമനുഷ്ഠിക്കും. 
ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയെ കുറിച്ച് അറിയിക്കുന്നതിന് ജിദ്ദയിൽ കഴിഞ്ഞ ദിവസം ഐ.ഡി.ബി സംഘടിപ്പിച്ച യോഗത്തിൽ വിദേശ രാജ്യങ്ങളുടെ ഹജ് മിഷൻ ഉദ്യോഗസ്ഥരും കോൺസുലേറ്റ് അധികൃതരും ആഭ്യന്തര ഹജ് സർവീസ് കമ്പനി അധികൃതരും പങ്കെടുത്തു. ബലി കൂപ്പണുകൾ വാങ്ങുന്നതിന് തീർഥാടകരെ ബോധവൽക്കരിക്കണമെന്ന് ഐ.ഡി.ബി ചെയർമാൻ ഡോ. ബന്ദർ ഹജ്ജാർ യോഗത്തിൽ ആവശ്യപ്പെട്ടു. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും അതിർത്തി പ്രവേശന കവാടങ്ങളിലും ബലി കൂപ്പൺ വിൽപന കേന്ദ്രങ്ങളുണ്ട്. 
ബലികർമം നിർവഹിക്കുന്നതിന് പുണ്യസ്ഥലങ്ങളിൽ എട്ടു മോഡൽ കശാപ്പുശാലകളാണുള്ളത്. ഹജ് ദിവസങ്ങളിൽ ഇവയിൽ പന്ത്രണ്ടു ലക്ഷത്തിലേറെ കാലികളെ കശാപ്പു ചെയ്യുന്നതിന് ശേഷിയുണ്ട്. പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണ് കശാപ്പുശാലകൾ പ്രവർത്തിക്കുന്നത്. ഈ വർഷം ആടിനെ ബലിയർപ്പിക്കുന്നതിനുള്ള കൂപ്പൺ നിരക്ക് 475 റിയാലാണ്. ഓൺലൈൻ വഴി ലോകത്തെവിടെ നിന്നും ബലി കൂപ്പണുകൾ വാങ്ങുന്നതിന് സാധിക്കും. ഹജ്, ഉംറ തീർഥാടകർക്കുള്ള ഇ-ട്രാക്ക് വഴിയും ബലി കൂപ്പണുകൾ വാങ്ങുന്നതിന് കഴിയുമെന്ന് ഐ.ഡി.ബി ചെയർമാൻ ഡോ. ബന്ദർ ഹജ്ജാർ പറഞ്ഞു. 
 

Latest News