ആലപ്പുഴ - കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസിഭാരതി പുരസ്‌കാര ജേതാവായ പ്രവാസി വ്യവസായിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ബഹ്റൈനില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കമ്പനി നടത്തുന്ന പ്രവാസിയുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങളടക്കം ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചു. സമീപമുള്ള ഡോക്ടറുടെ വീടു കുത്തിത്തുറന്നെങ്കിലും സി.സി.ടി.വി.യുടെ ഡി.വി.ആര്‍. (ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍) മാത്രമാണു നഷ്ടപ്പെട്ടത്.
മാന്നാര്‍ കോയിക്കല്‍ ജങ്ഷനു സമീപം കുട്ടമ്പേരൂര്‍ രാജശ്രീയില്‍ രാജശേഖരന്‍ പിള്ളയുടെ വീട്ടിലും ദീപ്തിയില്‍ ഡോ. ദിലീപ്കുമാറിന്റെ വീട്ടിലുമാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ടിടത്തും വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
രാജശേഖരന്‍ പിള്ള കുടുംബത്തോടാപ്പം ബഹ്റൈനിലാണ്. ഡോ. ദിലീപും കുടുംബവും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ എറണാകുളത്തു പോയിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരിയെത്തിയപ്പോഴാണ് മോഷണമറിയുന്നത്. ഡോക്ടറുടെ വീടിന്റെ ഗ്രില്ലിന്റെയും പ്രധാന വാതിലിന്റെയും പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഈ മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് നൂറുമീറ്റര്‍ മാത്രം അകലെയുള്ള പ്രവാസി രാജശേഖരന്‍ പിള്ളയുടെ വീട്ടില്‍നടന്ന വന്‍മോഷണം കണ്ടെത്തിയത്.
സമീപപ്രദേശത്തെ സി.സി.ടി.വി. ക്യാമറകള്‍ അന്വേഷിച്ചുപോയ പോലീസ് ഉദ്യോഗസ്ഥന്‍ രാജശേഖരന്‍ പിള്ളയുടെ വീടിനു മുന്‍വശത്തെ ചെടിച്ചട്ടി മറിഞ്ഞുകിടക്കുന്നതും മുകള്‍നിലയിലെ വാതില്‍ തുറന്നുകിടക്കുന്നതുംകണ്ട് അകത്തുകയറി പരിശോധിക്കുകയായിരുന്നു. എട്ടു മുറികളുള്ള വീടിന്റെ മുന്‍വാതില്‍ ആയുധമുപയോഗിച്ചു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
വീട്ടിലെ ലോക്കറുകള്‍ തകര്‍ത്തിട്ടുണ്ട്. അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സ്വര്‍ണാഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചുകള്‍, പുതിയ ഐ ഫോണുകള്‍, ഐ പാഡ് എന്നിവ നഷ്ടപ്പെട്ടിട്ടുെണ്ടന്നാണ് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞത്.
രാജശേഖരന്‍പിള്ള നാട്ടിലെത്തിയെങ്കില്‍മാത്രമേ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന കൃത്യമായ വിവരം ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു. രാജശേഖരന്‍ പിള്ള ഓണത്തിനുമുന്‍പ് നാട്ടില്‍വന്നു പോയതാണ്. രണ്ടു വീട്ടിലെയും സി.സി.ടി.വി. ക്യാമറകള്‍ ദിശ മാറ്റിവെക്കുകയും ഡി.വി.ആര്‍. മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.