Sorry, you need to enable JavaScript to visit this website.

കാക്കി കണ്ടാല്‍ കടിക്കും, നായ്ക്കളെ കാവല്‍നിര്‍ത്തി കഞ്ചാവ് വില്‍പന, ഒടുവില്‍ പിടിയില്‍

കോട്ടയം- കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന 'ഡെല്‍റ്റ കെ-9' നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു പോലീസിന്റെ പരിശോധന. എന്നാല്‍, പോലീസിനെ കണ്ടതോടെ റോബിന്‍ ജോര്‍ജ് ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്ക്കെടുത്ത റോബിന്‍ ജോര്‍ജ്, കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രം നടത്തിവരികയാണ്. മുന്തിയ ഇനങ്ങളില്‍പ്പെട്ട 13-ഓളം നായ്ക്കളാണ് കഴിഞ്ഞദിവസം കേന്ദ്രത്തിലുണ്ടായിരുന്നത്. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിന്റെ ലഹരിക്കച്ചവടവും നടന്നിരുന്നത്. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനില്‍നിന്നാണ് റോബിന്‍ ജോര്‍ജ് നായ്ക്കളെ പരിശീലിപ്പിക്കാന്‍ പഠിച്ചതെന്നും വിവരമുണ്ട്.
റോബിന്‍ ജോര്‍ജിന്റെ നായ പരിശീലനകേന്ദ്രത്തില്‍ രാത്രിയും പുലര്‍ച്ചെയും പുറത്തുനിന്ന് പലരും എത്താറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇയാള്‍ക്ക് പരിസരവാസികളുമായി ബന്ധമൊന്നുമില്ല. ഏതുംസമയത്തും പട്ടികളെ അഴിച്ചുവിടുന്നതിനാല്‍ ആര്‍ക്കും വീട്ടുവളപ്പില്‍ കയറാനാകില്ല. രാത്രിസമയത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വരാറുണ്ട്. പട്ടിയെ പരിശീലനത്തിന് ഏല്‍പ്പിക്കാനാണ് ഇവരെല്ലാം വരുന്നതെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. എന്നാല്‍, കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം വീട് വളഞ്ഞ് റെയ്ഡ് നടത്തിയതോടെയാണ് ലഹരിക്കച്ചവടമാണെന്ന് തിരിച്ചറിഞ്ഞത്.

 

Latest News