കൊച്ചി - കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പിടി മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കരുവന്നൂർ ബാങ്ക് വൈസ് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്. കൊച്ചി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ.
നേരത്തെ കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടക്കുന്ന സമയം എം.കെ കണ്ണനെ ഇ.ഡി വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കണ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഇഡി പരിശോധന.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറുമായി കണ്ണന് ബന്ധമുള്ളതായി ആരോപണമുണ്ടായിരുന്നു. സതീഷ് കുമാർ തൃശൂർ സർവീസ് സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നതടക്കം ഇ.ഡി പരിശോധിക്കുന്നതായാണ് വിവരം. എന്നാൽ, സതീഷ്‌കുമാറുമായി വർഷങ്ങളായുള്ള പരിചയമാണെന്നും വായ്പ ഇടപാടുകളിൽ സഹായിച്ചിട്ടില്ലെന്നുമാണ് എം.കെ കണ്ണൻ പ്രതികരിച്ചത്.