കൊല്ലം - കേരളത്തിൽ ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളാർ ലൈംഗിക പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറിനോട് നേരിട്ട് ഹാജറാകാൻ കോടതി ഉത്തരവ്. ഒക്ടോബർ 18ന് ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്.
കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കും പരാതിക്കാരിയ്ക്കും എതിരെയാണ് സോളാർ പീഡന ഗൂഢാലോചനക്കേസ്. പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് നേരത്തെ രണ്ടുമാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി ഇന്ന് നടപടികളിലേക്ക് കടന്നത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് അദ്ദേഹത്തെ കുടുക്കാൻ എഴുതി ചേർത്തതാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഗണേഷ്‌കുമാർ ഉൾപ്പെടെയുള്ളവരുടെ ഗുഢനീക്കങ്ങളാണ് കത്തിന് പിന്നിലെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.