കൊച്ചി - കുപ്രസിദ്ധമായ ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍ മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.