ഹാങ്ചൗ - ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിലാണ് ലോക റെക്കോർഡ് തകർത്ത് ടീം ഇനത്തിൽ ഇന്ത്യ സുവർണ നേട്ടം സ്വന്തമാക്കിയത്.
രുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീൽ, ദിവ്യാൻഷ് സിംഗ്, ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയുടെ പേരിൽ ആദ്യ സ്വർണം കുറിച്ചത്.
ബാക്കു വേൾഡ് ചാമ്പ്യൻഷിപ്പിൽ ചൈന സ്ഥാപിച്ച ലോക റെക്കോർഡ് സ്‌കോറിനേക്കാൾ 0.4 പോയിന്റ്് അധികം നേടിയാണ് ഇന്ത്യൻ ടീം ചരിത്രനേട്ടം സ്വന്തമാക്കിയത്. മൂവരും ചേർന്ന് 1893.7 പോയിന്റാണ് നേടിയത്.
1890.1 പോയിന്റുമായി കൊറിയ വെള്ളിയും 1888.2 പോയിന്റുമായി ചൈന വെങ്കലവും നേടി. രുദ്രാങ്ക്ഷ് 632.8, തോമർ 631.6, ദിവ്യാൻഷ് 629.6 എന്നിങ്ങനെയാണ് വ്യക്തിപരമായി സമ്പാദിച്ച പോയിന്റുകൾ.
അതിനിടെ, റോവിങ്ങിൽ രണ്ടു വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ജസ്വീന്ദർ, ഭീം, പുനീത്, ആശിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യവും സത്‌നാം സിങ്, പർമീന്ദർ സിങ്, ജക്കാർ ഖാൻ, സുഖ്മീത് സിങ് എന്നിവരടങ്ങിയ സഖ്യവുമാണ് മെഡൽ നേടിയത്. ഇതോടെ റോവിങ്ങിൽ മാത്രം ഇന്ത്യയ്ക്കു അഞ്ച് മെഡലായി. ആകെ എട്ടു മെഡലുകളുമായി ഇന്ത്യ ഏഴാം സ്ഥാനത്താണിപ്പോൾ.