കോഴിക്കോട്- താമരശ്ശേരിക്കടുത്ത പരപ്പൻപൊയിലിൽ പ്രവർത്തിക്കുന്ന രാരോത്ത് ഗവ.ഹൈസ്‌കൂൾ കെട്ടിടം തകർന്നുവീണ് വൻ ദുരന്തം ഒഴിവായി.
കനത്ത മഴയെ തുടർന്ന് ഉച്ചയോടെ സ്‌കൂളിന് അവധി നൽകി വിദ്യാർത്ഥികൾ വീട്ടിലേക്ക് പോയശേഷം വൈകിട്ട് നാലുമണിയോടെയാണ് സ്‌കൂൾ കെട്ടിടം തകർന്നുവീണത്. നാലു ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തിലെ രണ്ടു ക്ലാസ് മുറികളുടെ ഭാഗമാണ് തകർന്നുവീണത്. തകർന്നുവീണ കെട്ടിടത്തിൽ ഉച്ചവരെ അറുപത് കുട്ടികൾ പഠനം നടത്തിയിരുന്നു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന വാടക കെട്ടിടമാണിത്. ഇതിന് എൺപത് വർഷത്തോളം പഴക്കമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കനത്തമഴക്ക് ശമനമില്ലാതായപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ഉച്ചയോടെ സ്‌കൂളിന് അവധി നൽകുകയായിരുന്നു. ഈ വർഷം ഫിറ്റ്‌നസ് ലഭിച്ച കെട്ടിടമാണ് തകർന്നുവീണതെന്നത് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടു്. കാലപ്പഴക്കമാണ് കെട്ടിടം തകരാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളിൽ അടച്ചുറപ്പുള്ള കെട്ടിടം വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് അപകടം. തകർന്ന കെട്ടിടത്തെ പോലുള്ള മൂന്നു കെട്ടിടങ്ങൾകൂടി ഇതേ സ്‌കൂളിലുണ്ട്. തഹസിൽദാർ
മുഹമ്മദ് റഫീഖ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകി തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.