വടകര-നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസ് തുടരും. ഇന്നലെ ജില്ലയില്‍ പരിശോധിച്ച സാമ്പിളുകളും നെഗറ്റീവാണ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ആരും ഇല്ലെന്നും നിലവില്‍ 915 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും കലക്ടര്‍ വ്യക്തമാക്കി.
ഇതിനിടെ, നിപ ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ഭീതി വിതച്ച വടകര ആയഞ്ചേരി മംഗലാട് പറമ്പില്‍ ഗവ: യു.പി സ്‌ക്കൂളില്‍ ശുചീകരണവും അണുനശീകരണവും നടത്തി. കലക്ടറുടെ ഉത്തരവ് പ്രകാരം ഇന്ന് സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് 12 ദിവസത്തോളമായി അടഞ്ഞുകിടക്കുന്ന സ്‌ക്കൂള്‍ നിപ മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുക. 14 ദിവസം പിന്നിടുമ്പോള്‍ ആര്‍ക്കും ലക്ഷണങ്ങളൊന്നുമില്ല എന്നത് മംഗലാട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. സ്‌കൂള്‍ പരിപാടികളില്‍ സജീവ സാന്നിധ്യമാകുന്ന മംബ്ലിക്കുനി ഹാരിസിന്റെ വേര്‍പാടില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തിയാണ് സ്‌ക്കൂള്‍ ആരംഭിക്കുകയെന്ന് വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തിന് വാര്‍ഡ് മെമ്പര്‍ , എച്ച്.എം. ആക്കായി നാസര്‍, മലയില്‍ ബാബുരാജ്, ആരോഗ്യ വളണ്ടിയര്‍മാരായ സതി തയ്യില്‍, ദീപ തിയ്യര്‍കുന്നത്ത്, നിഷ നുപ്പറ്റ വാതുക്കല്‍, മോളി പട്ടേരി, ഷൈനി വെള്ളോടത്തില്‍ ,രാഗി പി.എം തുടങ്ങിയവര്‍ പങ്കെടുത്തു