ന്യൂദല്‍ഹി- കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാര്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കാനഡയെ ഇന്ത്യ അറിയിച്ചു. ഇത് സംബന്ധിച്ച തെളിവുകളും കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയ്ക്ക് കൈമാറി.
നിജ്ജാറിനെ പിടികൂടാന്‍ 2014ല്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും ഇന്ത്യ കാനഡയെ അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെ ഒരു ഡസനിലേറെ ക്രിമിനല്‍ കേസുകള്‍ നിജ്ജാറിനെതിരെ ഇന്ത്യയില്‍ ചുമത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കാനഡയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കാനഡ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്നും വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
2014ലാണ് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ഹര്‍ദീപ് സിങ് നിജ്ജാര്‍ പദ്ധതിയിട്ടത്. ആക്രമണത്തിനായി രൂപീകരിച്ച സംഘത്തിന് ബ്രിട്ടീഷ് കൊളംബിയയില്‍ ആയുധ പരിശീലനവും നല്‍കിയിരുന്നു. ഹരിയാനയിലെ സിര്‍സയിലുള്ള ദേര സച്ച സൗദ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഭീകരാക്രമണം നടത്തായിരുന്നു നീക്കം. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ചതിന് പിന്നാലെയാണ് നീക്കം പൊളിഞ്ഞതെന്ന് ഇന്ത്യ പറയുന്നു. 2015ല്‍ പഞ്ചാബിലും ഹര്‍ദീപ് സിങ് നിജ്ജര്‍ ഭീകരാക്രമണത്തിന് ശ്രമിച്ചിരുന്നു.