തലശ്ശേരി- ബെൻസ് കാറിന് ഇഷ്ട നമ്പർ കരസ്ഥമാക്കാൻ ഉടമ ചിലവിട്ടത് ഏഴര ലക്ഷം രൂപ. മട്ടന്നൂർ നെല്ലൂന്നി സ്വദേശി ഡോ.ഷാനിദ് മംഗലാട്ടാണ് തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ നടന്ന വാശിയേറിയ ലേലത്തിൽ 8888 എന്ന നമ്പർ സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് വാഹനങ്ങൾക്കും ഇതേ നമ്പറാണുള്ളത്. തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ഇത്രയും ഉയർന്ന തുക വാഹന നമ്പറിന് ലഭിക്കുന്നത് ആദ്യമായാണ്.
ഒരാഴ്ച മുമ്പാണ് ഷാനിദ് മെർസിഡൻസ് ബെൻസ് കാർ വാങ്ങിയത.് ഈ വാഹനത്തിനും തന്റെ ഇഷ്ട നമ്പർ തന്നെ സ്വന്തമാക്കണമെന്ന വാശിയിലാണ് ഇത്രയും തുകക്ക് ലേലം വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ 8888 എന്ന നമ്പറിന് വേറെയും രണ്ട് ആവശ്യക്കാരുണ്ടെന്ന് മനസിലാക്കിയ ഷാനിദ് വാശിയോടെ ലേലം കൊള്ളുകയായിരുന്നു. ലേലത്തിൽ പങ്കെടുത്തവരിൽ ഒരാൾ 7,15000 രൂപ വരെ വിളിച്ചെങ്കിലും ഷാനിദ് പിൻമാറാതെ 35000 രൂപ കുടുതൽ വിളിച്ച് ഫാൻസി നമ്പർ സ്വന്തമാക്കുകയായിരുന്നു. ഇതിന് പുറമെ വാഹനത്തിന്റെ നികുതിയിനത്തിൽ പതിനേഴര ലക്ഷം രൂപയും തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ അടച്ചു.