തിരുവനന്തപുരം- വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ പ്രതികരിച്ച് കെ. മുരളീധരന്‍ എംപി. പക്വതക്കുറവുള്ളത് തനിക്ക് മാത്രമാണെന്നാണ് കരുതിയതെന്ന് മുരളീധരന്‍ പറഞ്ഞു. മൈക്ക് പിടിവലി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പക്വതക്കുറവ് കാര്യമായിട്ട് എനിക്ക് മാത്രമേയുള്ളൂവെന്നാണ് ഞാന്‍ വിചാരിച്ചത്. എല്ലാവരും പറഞ്ഞത് എനിക്ക് പക്വതക്കുറവ് ഉണ്ടെന്നാണല്ലോ? ആരുടെയും പക്വത ഞാന്‍ അളക്കാറില്ല. ഒറ്റപ്പെട്ട സംഭവമാണിത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കില്ല. പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ആദ്യം ആര് സംസാരിക്കണമെന്ന് പ്രോട്ടോക്കോളില്ല.
പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനം ആണെങ്കില്‍ കെ പി സി സി പ്രസിഡന്റ് സംസാരിക്കും. യു ഡി എഫിന്റെയാണെങ്കില്‍ യു ഡി എഫ് ചെയര്‍മാനും സംസാരിക്കുന്ന സംവിധാനമാണ് സാധാരണയുള്ളത്. എന്നാല്‍ പുതുപ്പള്ളിയിലെ വാര്‍ത്താസമ്മേളനം ഏതാണെന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. അതില്‍ ഘടകകക്ഷികളെയും കണ്ടു - കെ മുരളീധരന്‍ പറഞ്ഞു.