കോട്ടയം- ചലച്ചിത്ര സംവിധായകൻ കെ.ജി ജോർജിന്റെ വിയോഗത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് ആളുമാറി പ്രതികരിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് മറുപടിയുമായി പി.സി. ജോർജ്. താൻ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പി.സി ജോർജ് പറഞ്ഞു.
ജോർജ് നല്ല പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എന്നാണ് കെ.ജി ജോർജിന്റെ വിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്. ഇതിനുള്ള മറുപടിയാണ് വീഡിയോ സന്ദേശവുമായി പി.സി ജോർജ് രംഗത്തെത്തിയത്.
ഞാൻ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാൻ മരിച്ചെന്ന് അറിയിച്ചതാണ്. അദ്ദേഹത്തിന്റെ ദുഖത്തോടെയുള്ള സംസാരം കേൾക്കാനിടയായി. ഞാൻ അപ്പോൾ അരുവിത്തറ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്നു. ആളുകൾ ഓടിവന്ന് വിളിച്ചപ്പോഴാണ് ഇറങ്ങിവന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികൾ ശരിയാണോ ചെയ്യുന്നതെന്ന് ഓർക്കണം. ഞാൻ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരൻ. അദ്ദേഹത്തെ പോലെയുള്ള ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് അപേക്ഷ. ജോർജ് പറഞ്ഞു.