Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ച്ച മുന്നറിയിപ്പ് നല്‍കി ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്- ഇന്ത്യയിലും ചൈനയിലുമായി ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിച്ച 28,000ലധികം അണക്കെട്ടുകള്‍ കാലാവധി കഴിഞ്ഞ് അപകടാവസ്ഥയിലാണെന്ന് യു. എസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ മുന്നറിയിപ്പ്. 

കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ച്ചയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെന്നും ലേഖനത്തില്‍ പറയുന്നു. 11,300 പേരുടെ മരണത്തിനിടയാക്കിയ ലിബിയയിലെ വാദി ഡെര്‍നയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭീഷണി ലേഖനത്തില്‍ വിശദീകരിച്ചു. നദീ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്ടര്‍മാരായ ജോഷ് ക്ലെമ്മും ഇസബെല്ല വിങ്ക്ലറും ചേര്‍ന്നാണ് ലേഖനം എഴുതിയത്.

പഴയ അണക്കെട്ടുകള്‍ കൃത്യമായി പരിപാലിക്കുകയും നിരീക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ സമാനമായ ദുരന്തങ്ങള്‍ വീണ്ടും ഉണ്ടാകാമെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് ഇത്തരം അണക്കെട്ടുകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇവിടെ അണക്കെട്ടുകള്‍ നിര്‍മ്മിച്ചത്. കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് തകര്‍ന്ന അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇത് തകര്‍ന്നാല്‍ 35 ലക്ഷത്തോളം പേരുടെ ജീവന്‍ അപകടത്തിലാകും.

ലിബിയയില്‍ തകര്‍ന്ന അണക്കെട്ടുകള്‍ 1970-കളില്‍ ആഗോളതലത്തില്‍ ഡാം നിര്‍മ്മാണം നടന്നപ്പോള്‍ പൂര്‍ത്തിയായി. ഓരോ വര്‍ഷവും 1000 വലിയ അണക്കെട്ടുകള്‍ അക്കാലത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നു. ഇന്ന് ആ അണക്കെട്ടുകളെല്ലാം അവയുടെ ആയുസ്സ് പൂര്‍ത്തിയാക്കിയിരിക്കുന്നു.

ലിബിയയില്‍ തകര്‍ന്ന രണ്ട് അണക്കെട്ടുകളുടെ അറ്റകുറ്റപ്പണി മോശമാണെന്നാണ് പ്രാഥമിക വിവരം. ജലനിരപ്പ് നിരീക്ഷണവും കാര്യക്ഷമമല്ല. ചാറ്റല്‍ മഴയില്‍ നിറഞ്ഞൊഴുകുന്ന ഡാമുകള്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല. അണക്കെട്ടിന്റെ അപകടാവസ്ഥയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ചൈന കഴിഞ്ഞാല്‍ യു. എസിലെ ഡാമുകളുടെ ശരാശരി പ്രായം 65 വര്‍ഷമാണ്. ഇവയെല്ലാം തകര്‍ച്ചയുടെ ഭീഷണിയിലാണ്. സമീപകാല യു. എസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആക്റ്റ് ചില അണക്കെട്ടുകളുടെ പരിപാലനത്തിനായി മൂന്നു ബില്യണ്‍ ഡോളര്‍ നീക്കിവച്ചിരുന്നു. എന്നിരുന്നാലും ആയിരക്കണക്കിന് അണക്കെട്ടുകളുണ്ട്. ഇവ പരിപാലിക്കാന്‍ കുറഞ്ഞത് 76 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നും ലേഖനം പറയുന്നു.

Latest News