കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് 370ാം വകുപ്പ് ഇല്ലാതാക്കിയതിനെതിരെ സുപ്രീംകോടതിയിൽ വന്ന ഹരജികളിൽ വാദം കേട്ടുകൊണ്ടിരിക്കുകയാണല്ലോ, ഇത്തരുണത്തിൽ കശ്മീരിന്റെ ചരിത്രം അറിയുന്നത് നല്ലതാണ്. ഓർമ്മകളെ ജ്വലിപ്പിച്ചു നിർത്തുകയന്നതും ചരിത്രത്തെ അട്ടിമറിക്കാൻ അനുവദിക്കാതിരിക്കുക എന്നതും നല്ലൊരു വിപ്ലവ പ്രവർത്തനമാണ്.മറവിക്കെതിരെയുള്ള പോരാട്ടം കൂടിയേ തീരൂ.
കശ്മീര്‍ വിഷയം ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പഴക്കമുള്ള ഒന്നാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. 1947 ല്‍ ഇന്ത്യാ വിഭജനം നടന്നുവെന്ന് പലരും പ്രസ്താവിക്കുന്നത് അത്ര ശരിയല്ല. അത് കേട്ടാല്‍ തോന്നുക നേരത്തെ ഇവിടെ സുശക്തവും സുഭദ്രവുമായ ഒരു രാഷ്ട്രമുണ്ടായിരുന്നുവെന്നാണ്. വസ്തുത അങ്ങനെയല്ല. പരസ്പരം പോരടിച്ച /പോരടിക്കുന്ന നൂറുകണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഭാഷ, വേഷം, ആഹാരരീതി, ആചാര സമ്പ്രദായങ്ങള്‍ ഉള്‍പ്പെടെ വൈജാത്യങ്ങള്‍ മാത്രമല്ല, വൈരുദ്ധ്യങ്ങള്‍ കൂടി ഉണ്ടായിരുന്നു. ഇവയെ ഇന്ത്യന്‍ യൂനിയനില്‍ സമര്‍ഥമായും കുറച്ചൊക്കെ ബലാല്‍ക്കാരമായും ലയിപ്പിച്ചതിന് പ്രതിഫലമായിട്ടാണ് കാല്‍നൂറ്റാണ്ടിലേറെക്കാലം ആ രാജകുടുംബങ്ങള്‍ക്ക് പ്രീവിപേഴ്‌സ് (മാലിഖാന്‍) നല്‍കേണ്ടി വന്നത്. പിന്നീട് ഇന്ദിരാഗാന്ധിയാണ് അത് നിലനിര്‍ത്തലാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായ ചില സംഗതികള്‍ വകവെച്ചു കൊടുക്കുന്നതിന്റെ കാരണം ഇന്ത്യാ യൂനിയനില്‍ ലയിക്കുമ്പോള്‍ നല്‍കിയ ഉറപ്പാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്ത്യ സ്വതന്ത്രയായതിന് ശേഷം കുറഞ്ഞത് രണ്ട് തലമുറയെങ്കിലും പിന്നിട്ടു കഴിഞ്ഞു. ഇന്ന് 80 വയസ്സിന്ന് മുകളിലുള്ളവര്‍ക്കേ 1947ന്റെ ചെറിയ ഓര്‍മയെങ്കിലുമുണ്ടാവൂ. എന്തിനേറെ പറയുന്നു, 1975 ലെ ഭീകരമായ അടിയന്തിരാവസ്ഥയെ പറ്റി അറിയാത്തവരായിരിക്കും ഇന്ന് 55 വയസ്സിന് താഴെയുള്ളവര്‍. ഇത്രയും പറഞ്ഞത് നാട്ടിന്റെ ചരിത്രത്തെ നേരെ ചൊവ്വെ അറിയാത്തവരാണ് ഇന്നത്തെ വോട്ടര്‍മാരില്‍ (18 വയസ്സിനു മുകളിലുള്ളവര്‍) മഹാ ഭൂരിപക്ഷവും എന്ന് തിരിച്ചറിയാനാണ്.ഇങ്ങനെയുള്ള സമൂഹത്തിന് കശ്മീര്‍ വിഷയത്തിന്റെ ഉള്ളുകള്ളികള്‍ കൃത്യമായി ഗ്രഹിക്കാന്‍ വളരെ പ്രയാസമുണ്ടാകും. ചിന്താശീലരായ പുതുതലമുറക്കു വേണ്ടി കൂട്ടി വായിക്കാനും സത്യസന്ധമായ വിശകലനം നടത്തുവാനും ചില ഉദ്ധരണികള്‍ നിരത്തുകയാണ്.
1980 ല്‍ പ്രശസ്തമായ മലയാള നാട് വാരികയില്‍ പ്രഗത്ഭനായ ഒ.വി വിജയന്‍ എഴുതിയത് പുനര്‍ വായനക്കായി താഴെ ചേര്‍ക്കുകയാണ്.
”… കശ്മീര്‍ ഇന്ത്യയില്‍ ലയിക്കാന്‍ തീരിമാനിക്കുന്ന അവസരത്തില്‍ കശ്മീരീ ജനതയുടെ അനിഷേധ്യ നേതാവ് അബ്ദുല്ലയായിരുന്നു. മതേതരവും വികേന്ദ്രീകൃത ജനാധിപത്യപരവുമായ ഒരു ഉപരാഷ്ട്ര സമുച്ചയത്തില്‍ ( family of Nationalities) ലയിക്കാനാണ് അദ്ദേഹം കശ്മീരീ ജനതക്കു വേണ്ടി തീരുമാനമെടുത്തത്. അമ്പത്തിമൂന്നില്‍ അദ്ദേഹത്തെ തുറുങ്കിലടച്ചത് എന്തിന്?
… കാശ്മീരിന്റെ വിലയനം സ്വീകരിക്കുന്ന വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു കശ്മീരി ജനതക്ക് കൊടുത്ത ഉറപ്പ് എന്തായിരുന്നു? അവരുടെ ഹിതം അറിഞ്ഞ ശേഷമേ വിലയനം സാധ്യമായിത്തീരൂ എന്ന്. എന്നാല്‍ എന്നാണ് നാം കശ്മീരി ജനതയുടെ ഹിതം മനസ്സിലാക്കിയത്?
കാശ്മീരികള്‍ സ്വയം കശ്മീരികളെന്നും മറ്റുള്ളവരെ ഇന്ത്യക്കാരെന്നും പറയുന്നു. അസുഖകരമായ ഈ സത്യങ്ങളെ നാം മുപ്പത് കൊല്ലം മൂടിവെച്ചു. അവയെ സത്യസന്ധതയോടെ നേരിടാന്‍ മടിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്വന്തം അസ്തിത്വത്തെ സംരക്ഷിക്കാനായിരുന്നുവോ തന്റെ സ്വദേശമായ കശ്മീരിനെ പിടിച്ചു നിന്നത്. ആ പിടിച്ചു നില്‍ക്കല്‍ കാരണമായാണോ ഇന്ത്യയും പാക്കിസ്ഥാനുമായി നിരവധി സംഘട്ടനങ്ങളുണ്ടായത്? ഞാനൊന്നും പറയാന്‍ തുനിയുകയല്ല ഇവിടെ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താന്‍ നാം സത്യസന്ധമായും ആണത്തത്തോടും ശ്രമിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ്.
… പാക്കിസ്ഥാനും ഇന്ത്യയുമായി ഈ മൂന്ന് ദശകങ്ങളായി സംഘര്‍ഷാവസ്ഥയാണ്. നാലായിരം കോടി രൂപയുണ്ടായാല്‍ നമുക്ക് രാജസ്ഥാന്‍ ജലസേചന പദ്ധതി നടപ്പാക്കി, മരുഭൂമിയെ വിഭവസമൃദ്ധമായ കൃഷി ഭൂമിയാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അത്രയും പണം വേണം മുങ്ങിക്കപ്പലുകളും വാണങ്ങളും സംഭരിക്കാന്‍. നാം അത് സംഭരിച്ചു കഴിഞ്ഞാല്‍ പാക്കിസ്ഥാന്‍ വീണ്ടും ആയുധക്കലവറ നിറക്കുന്നു. അപ്പോള്‍ നാമും പിന്തുടരുന്നു. പിന്നെ പാക്കിസ്ഥാന്‍ നമ്മെ പിന്തുടരുന്നു. അങ്ങനെ അവസാനമില്ലാതെ. ആ കാലമത്രയും ആ അനന്തതയത്രയും രാജസ്ഥാന്‍ മരുഭൂമിയായിക്കിടക്കുന്ന … ദശലക്ഷക്കണക്കിന് മാറാവ്യാധിക്കാര്‍ ചീഞ്ഞു മരിക്കുന്നു. മുപ്പത്തിയാറ് കോടി മനുഷ്യര്‍ ദാരിദ്ര്യരേഖയുടെ താഴേയ്ക്കു വഴുതി വീഴുന്നു.
യുദ്ധം നമ്മുടെ രാഷ്ട്രീയമാണ്. മാത്രമല്ല ചീനയുടെയും പാക്കിസ്ഥാന്റെയും കാര്യത്തില്‍ ഒരു ദേശീയ ധാരണ (national consensus) ഉണ്ടാക്കാന്‍ നാം ഇതുവരെ മിനക്കെട്ടിട്ടില്ല. കോണ്‍ഗ്രസ്സുകാരന്‍ സംസാരിച്ചാല്‍ ജനസംഘം മുറവിളി കൂട്ടും. നാടിനെ ഒറ്റിക്കൊടുക്കുകയാണെന്ന്, മറിച്ചും. ഈ പരാധീനതയില്‍ നാം വന്‍ശക്തികളുടെ കരുക്കളായി മാറുകയും ചെയ്യുന്നു. അമേരിക്ക ചീനക്കെതിരായും റഷ്യ പാക്കിസ്ഥാനെതിരായും നമ്മെ ഉപയോഗിച്ചു.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അതിനെ തൊട്ടു കളിക്കരുതെന്നും ജനസംഘത്തിന്റെ ഷോവനിസത്തോടു കൂടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത് വാദിച്ചത്. കാരണം ലളിതം, കാശ്മീരിന്റെ പാക്കിസ്ഥാന്‍ മേഖലയില്‍, അമേരിക്ക സൈനിക സന്നാഹങ്ങള്‍ നിറച്ച സ്ഥിതിക്ക് വെടി നിറുത്തല്‍ രേഖയ്ക്കിപ്പുറത്ത് ഇടം വേണമെന്നത് സോവ്യറ്റ് യൂനിയന്റെ താല്‍പര്യമായിരുന്നു. കൃഷ്ണമേനോനെ പുറത്താക്കാന്‍ കൃപലാനിയും മൊറാര്‍ജിയും കഠിന ശ്രമങ്ങള്‍ നടത്തിയെങ്കില്‍ അവര്‍ ഇവിടത്തെ അമേരിക്കന്‍ ലോബിയുടെ താല്‍പര്യങങളെ നടപ്പാക്കുക മാത്രമായിരുന്നു. നാഗഭൂമിയും മിസോറാമും ഉത്തര പ്രദേശത്തെ പോലെ 'ഭാരത’മാണെന്ന് ശഠിക്കുന്നത് ഇന്ത്യന്‍ ബൂര്‍ഷ്വാസിയാണ്. കമ്മ്യൂണിസ്റ്റുകാരനും ആ മാന്ത്രിക വലയില്‍പെട്ട് ഭ്രമബുദ്ധിയായിത്തീരുന്നുവെന്ന് മാത്രം.
എന്താണ് ഭാരതമെന്ന കാര്യത്തില്‍ വിപുലവും ധീരവുമായ ഒരു ചര്‍ച്ച ആവശ്യമായിത്തീര്‍ന്നിരിക്കുകയാണിന്ന്. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ഈസ്‌ററിന്ത്യാ കമ്പനിയുടെ പിന്തുടര്‍ച്ചാവകാശി മാത്രമാണെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യ സമരം ഒരു പ്രഹസനമായി തരം താഴുന്നു. അങ്ങനെ സംഭവിക്കാന്‍ നാം അനുവദിച്ചുകൂട. ഈയിടെ ലാല്‍ദെങ്ക സുപ്രധാനമായ ഒരു സത്യത്തിനു നേരെ വിരല്‍ ചൂണ്ടി. ഇന്ത്യയില്‍ മൂന്ന് ഗോത്രധാരകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്യരും ദ്രാവിഡരും മംഗോളിയരും.നിലവിലുള്ള സംവിധാനത്തെ തകര്‍ത്ത് ഇന്ത്യയെ നുറുങ്ങുകളാക്കുന്നത് ആര്‍ക്കും നല്ലതാവാന്‍ വഴിയില്ല. എന്നാല്‍ ഇന്ത്യ അതിന്റെ ദേശീയ ഘടകങ്ങളുടെ വിഭിന്നത അംഗീകരിക്കണം. ഹിന്ദിയും ഹിന്ദുമതവും രാഷ്ട്രീയ കരുക്കളല്ലാതായിത്തീരണം. അവ സാമ്രാജ്യ സംസ്ഥാപനത്തിനുതകുമെങ്കിലും ജനായത്തപരവും സംതൃപ്തവും ആയ ഒരു സമുദായത്തെ സൃഷ്ടിക്കാന്‍ ഉപകരിക്കുകയില്ല. പ്രസക്തമായിട്ടുള്ളത് രാഷ്ട്രമെന്ന മിഥ്യയല്ല, മനുഷ്യനെന്ന യാഥാര്‍ഥ്യമാണ്. മനുഷ്യനിലൂടെയേ രാഷ്ട്രം യഥാര്‍ഥമായിത്തീരുന്നുളളൂ. ഇതോടൊപ്പം നമ്മുടെ നിരവധി യുദ്ധങ്ങളെയും നാം വിലയിരുത്താന്‍ മുതിരേണ്ടതാണ്. തുറന്നു പറഞ്ഞാല്‍ , ദേശസ്‌നേഹമില്ലാത്ത, മനുഷ്യ സ്‌നേഹം കൊണ്ട് ത്രസിക്കുന്ന ഒരു സ്വയം വിമര്‍ശനം.
(ഇന്ദ്രപ്രസ്ഥം: 139-143 പന്തളത്തെ പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ചത്.)
കാശ്മീരില്‍ ചീഫ് ജസ്റ്റിസായും പത്ത് ദിവസം ഗവര്‍ണറായും സേവനമനുഷ്ഠിച്ച പരേതനായ ജസ്റ്റിസ് വി. ഖാലിദിന്റെ നിരീക്ഷണം കൂടി കാണുക:
”ആ ഒരു വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു. ഇപ്പോള്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെവേദനിക്കുന്നു. കുറെ കാര്യങ്ങളിലെങ്കിലും നമ്മുടെ സര്‍ക്കാറിന്റെ കൈകാര്യം ചെയ്യലിലെ താളപ്പിഴകളാണ് കുഴപ്പമുണ്ടാക്കുന്നത്. ജഗ്‌മോഹനെ ഗവര്‍ണറാക്കി കശ്മീരില്‍ അയച്ചു എന്നതാണ് ഇന്ദിരാഗാന്ധി ചെയ്ത വലിയ തെറ്റ്. ജഗ്‌മോഹന്‍ കശ്മീരികളെ ഒട്ടും സ്‌നേഹിച്ചിരുന്നില്ല. ജഗ്‌മോഹന്‍ രണ്ട് പ്രാവശ്യം കശ്മീരിലുണ്ടായിരുന്നു. ബി.കെ. നെഹ്‌റുവായിരുന്നു ഒരു ഘട്ടത്തില്‍ അവിടെ ഗവര്‍ണര്‍. അദ്ദേഹം വളരെ മാന്യനായിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പത്തിലായിരുന്നു. വിരമിച്ചതിന്‌ശേഷവും അത് തുടര്‍ന്നു. ഇന്ദിരാഗാന്ധിയും ബി.കെ.നെഹ്‌റുവും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല, അവര്‍ ബന്ധുക്കളാണെങ്കിലും. ഇന്ദിരാഗാന്ധി ബി.കെ.നെഹ്‌റുവിനോട് ഫറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അങ്ങിനെ ചെയ്യില്ലെന്നും അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ പിരിച്ചുവിടുകയുള്ളൂ എന്നുമുള്ള നിലപാടിലദ്ദേഹം ഉറച്ചുനിന്നു. അന്ന് ബി.കെ.നെഹ്‌റു അമേരിക്കയിലൊക്കെ ലെക്ചര്‍ ടൂറിന്ന് പോകാറുണ്ടായിരുന്നു. അപ്പോഴദ്ദേഹം ലീവെടുക്കാറില്ല.
….ഞാന്‍ ചെന്ന കാലത്ത് പക്ഷെ യാത്രക്ക് ലീവെടുക്കാതെ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. അങ്ങിനെ ഗവര്‍ണര്‍ പദവിയിലിരിക്കെ പത്ത് ദിവസം അദ്ദേഹം ലീവെടുത്ത് പോയി. ആ പന്ത്രണ്ട് ദിവസം ഞാനായിരുന്നു ആക്ടിങ് ഗവര്‍ണര്‍. ഏറെ കഴിയുന്നതിനുമുമ്പെ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റിക്കളഞ്ഞു.അപ്പോഴാണ് ജഗ്‌മോഹന്‍ വന്നത്.പിറ്റെദിവസം എന്നെ ഡിന്നറിന് വിളിച്ചു, കൂടെ ഫാറൂഖ് അബ്ദുല്ലയേയും. ഏറെ നേരം സംസാരിച്ചു. നല്ല തമാശയൊക്കെ പറഞ്ഞു അന്ന് രാത്രി പിരിഞ്ഞു. നേരം പുലര്‍ന്നപ്പോഴേക്കും ഫാറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്തിരുന്നു. അന്ന് കേസൊന്നും വന്നിട്ടില്ല. ഡിസ്മിസ് ചെയ്യപ്പെട്ടാല്‍ ആരും സുപ്രീംകോടതിയില്‍ പോകാറുമില്ല. വാസ്തവത്തില്‍ ഫാറൂഖ് അബ്ദുല്ല അന്ന് സൂപ്രീം കോടതിയില്‍ പോയിരുന്നുവെങ്കില്‍ പിരിച്ചുവിടപ്പെട്ട നടപടി റദ്ദാക്കുമായിരുന്നു……. ചരിത്രപരമായി നോക്കിയാല്‍ കശ്മീരികളെ ഇന്ത്യാഗവണ്മെന്റ് ധരിപ്പിച്ചിരുന്നത് ഒരു ഹിതപരിശോധന ഉണ്ടാകുമെന്നാണ്. ഹിതപരിശോധന മുഖേന ആര്‍ക്കൊപ്പം ചേരണമെന്ന് തീരുമാനിക്കാനുള്ള അവകാശം.അതവര്‍ വിശ്വസിച്ചു. എന്നാലത് നടന്നില്ല.
ഹരികൃഷ്ണയായിരുന്നല്ലോ കശ്മീര്‍ രാജാവ്.അദ്ദേഹം ഇന്ത്യക്കൊപ്പം ചേരാന്‍ തീരുമാനിച്ചതുകൊണ്ടാണല്ലോ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. ഹിതപരിശോധനയെന്ന വാഗ്ദാനം ആ സമയത്ത് നല്‍കിയതാണ്. ലംഘിക്കപ്പെട്ട വാഗ്ദാനത്തെച്ചൊല്ലി വഞ്ചിക്കപ്പെട്ടു എന്ന തോന്നലായിരുന്നു കശ്മീരികള്‍ക്ക്. മാത്രമല്ല കശ്മീരിലെ ഓഫിസുകളിലെവിടെയും അര്‍ഹിക്കുന്ന പ്രാതിനിധ്യം അവര്‍ക്കുണ്ടായിരുന്നില്ല. കശ്മീരികള്‍ക്ക് മുഖ്യധാരയിലേക്കെത്താന്‍ ഒന്നും ചെയ്തുകൊടുത്തല്ല. വികസനകാര്യത്തില്‍ ശ്രദ്ധിച്ചില്ല.പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന വാഗ്ദാനമല്ലാതെ ഒന്നും ചെയ്തില്ല. ന്യായമായ അവകാശം അനുവദിച്ചില്ലെന്ന പരാതി അവര്‍ക്കിപ്പോഴുമുണ്ട്.അത് കേള്‍ക്കാനും പരിഹരിക്കാനും സന്നദ്ധരായാല്‍ മതിയായിരുന്നു.
കശ്മീരികളിലധികവും പാവങ്ങളാണ്… കശ്മീരികള്‍ക്ക് ഉദ്യോഗങ്ങളിലെത്താനുള്ള വഴിയൊരുക്കണം. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ അവരും പങ്കാളികളാണെന്ന ബോധത്തിലേക്ക് അവരെ എത്തിക്കണം. കശ്മീരികളെ ശത്രുമനസ്സുള്ളവരാക്കിത്തീര്‍ത്ത കുറ്റത്തില്‍ വലിയ പങ്ക് ഗവര്‍ണ്ണരായിരുന്ന ജഗ്‌മോഹന്നാണ്. കശ്മീരിലെ ജനതയോട് അദ്ദേഹത്തിന് ലവലേശം സ്‌നേഹമുണ്ടായിരുന്നില്ല. എന്നാല്‍ ബി.കെ. നെഹ്‌റു അങ്ങിനെയായിരുന്നില്ല. അദ്ദേഹത്തിന്ന് കശ്മീരിവേര് ഉണ്ടായിരുന്നുവല്ലോ? 370 ാം വകുപ്പ് എടുത്തുകളയാന്‍ പാടില്ലെന്നാണെന്റെ അഭിപ്രായം. അത് അങ്ങിനെതന്നെ നിലനിര്‍ത്തണം. കശ്മീരിന്റെ മാത്രം കാര്യമല്ല. ഹിമാചല്‍പ്രദേശിന്നും അരുണാചല്‍ പ്രദേശത്തിനുമെല്ലാമുണ്ട് ചില പ്രത്യേക അവകാശങ്ങള്‍.അവരെ നാം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഹിതപരിശോധനയാണ് പോംവഴി എന്ന് പറയാനിപ്പോള്‍ കഴിയില്ല. തെരഞ്ഞെടുപ്പ് നടത്തിയതോടെ ഹിതപരിശോധനയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് നമ്മുടെ വാദം. സിംലകരാര്‍ പ്രകാരമാണ് എല്ലാ പരിഹാരശ്രമങ്ങളും നടത്തേണ്ടത്. ഹിതപരിശോധനയില്ലാതെ കശ്മീര്‍ ജനതയുടെ മുഴുവന്‍ വിശ്വാസവും ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് പരിഹാരമാര്‍ഗം….. ഫാറുഖ് അബ്ദുല്ല പലപ്പോഴും പറഞ്ഞകാര്യം ഓര്‍മ്മയുണ്ട്. ”ഇന്ന ഡാമില്‍നിന്ന് ഇത്ര വൈദ്യുതി തരാമെന്ന് പറഞ്ഞിട്ടും അത് തന്നിട്ടില്ല. പദ്ധതികളെക്കുറിച്ച് പറയുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല.പിന്നെ നമ്മളെന്തുചെയ്യും…”
കശ്മീരി പണ്ഡിറ്റുകളും കശ്മീരി മുസ്‌ലിംകളും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. പണ്ഡിറ്റുകളെ അവിടെ നിന്ന് അടിച്ചോടിച്ചു എന്ന് പറഞ്ഞാലത് ഞാന്‍ വിശ്വസിക്കില്ല. എന്റെ കൂടെ ജോലിക്കാരായി പണ്ഡിറ്റുകള്‍ കുറേപേരുണ്ടായിരുന്നു,കശ്മീരി ഭാഷയാണവര്‍ സംസാരിക്കുകപോലും ചെയ്യാറ് ” (ചന്ദ്രിക ആഴ്ചപ്പതിപ്പ് 2013 ജനു: 23)
അനുബന്ധം:
സൈനുദ്ധീൻ കോയ കൊല്ലത്തിന്റെ പ്രതികരണം)
കശ്മീർ ഒരിക്കലും ഒരു സാമുദായിക പ്രശ്നമായിരുന്നില്ല.ഒരു രാഷ്ട്രീയ പ്രശ്നമാണത്.ബാബരി മസ്ജിദ് തകർച്ച, ഗുജറാത്ത് ബോംബെ കലാപങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുപോലും ഇന്നേവരെ വർഗീയ കലാപങ്ങൾ നടക്കാത്ത ഒരു സംസ്ഥാനമാണ് കാശ്മീർ . ഇന്നും ശ്രീനഗറിൻ്റെ ഹൃദയഭാഗത്തുള്ള ഗുരുദ്വാരയും ക്ഷേത്രവും മസ്ജിദുകളും പ്രാർത്ഥനക്കായി തുറക്കപ്പെടുന്നു. ബിജെപി ക്കാരനായ ഗവർണർ ജഗ് മോഹൻ്റെ നയനിലപാടുകളാണ് പണ്ഡിറ്റുകളുടെ ഒഴിച്ചു പോക്കിനു ഒരു മുഖ്യ കാരണമെന്നു പറയപ്പെടുന്നു. മുസ്ലിംകൾക്കെതിരെ സൈനിക നടപടിയെടുക്കുമ്പോൾ, അവർക്കിടയിൽ ജീവിക്കുന്ന പണ്ഡിറ്റുകൾക്ക് ഒരു പ്രയാസവും ഉണ്ടാകരുതെന്ന വംശീയ ചിന്തയാണതിൻ്റെ പ്രേരകമായത്. അതോടൊപ്പം,ബിജെപിയെ സംബന്ധിച്ചെടുത്തോളം കാശ്മീറിനെ ഒരു സാമുദായിക വർഗീയ പ്രശ്നമായി എടുക്കുവാനും തങ്ങൾക്കനുകൂലമായി രാഷ്ട്രീയ നേട്ടമുണ്ടാക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗവും.(നമുക്കറിയാവുന്ന പോലെ, ഇന്ന് പല കാര്യങ്ങളിലും അവർ സ്വീകരിക്കുന്ന സമീപനം ഇത്തരത്തിലുള്ളതാണല്ലോ).
1990 മേയ് 20 മുതൽ 25, 28 തീയതികളിൽ മാതൃഭൂമി ദിന പത്രത്തിൽ അവരുടെ ദൽഹി ലേഖകനായ എൻ. അശോകൻ "സംഘർഷത്തിൻ്റെ താഴ് വരകളിലൂടെ " എന്ന പേരിൽ 7 ലക്കങ്ങളിലായി ഒരു പരമ്പര എഴുതിയിട്ടുണ്ട്. അതിൽ കാശ്മീർ പ്രശ്നവും സാമുദായിക സൗഹാർദവും പണ്ഡിറ്റുകളുടെ പലായനവുമെല്ലാം വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹം എഴുതുന്നു:
"1990ലെ റംസാൻ കാലത്ത് കർഫ്യൂ മൂലം ജനജീവിതം സ്തംഭിച്ചെങ്കിൽ 89 ലെ റംസാൻ സമയത്ത് തീവ്രവാദികളുടെ ബന്ദ് ആയിരുന്നു. പക്ഷേ അവർ ഹിന്ദുക്കളുടെ ദീപാവലിക്കും ശിവരാത്രിക്കും കടകൾ അടപ്പിച്ചില്ല. ദീപാവലിക്ക് മൂന്നു ദിവസം മുമ്പാണ് ബന്ദവസാനിപ്പിച്ച് കടകൾ തുറന്നത്. (ലേഖനം 4 ൽ നിന്ന്).
.....1987 ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ അട്ടിമറിയാണ് പ്രശ്നം വഷളാക്കിയത്. "ഇക്കഴിഞ്ഞ ശിവരാത്രിക്ക് രണ്ടു ദിവസം മുൻപ് വരെ ഏതാനും ദിവസങ്ങൾ ബന്ദായിരുന്നു. കശ്മീരിലെ കടകളെല്ലാം അടഞ്ഞുകിടന്നു. എന്നാൽ ശിവരാത്രിക്ക് ഹിന്ദുക്കൾ ബുദ്ധിമുട്ടരുതെന്ന് ജെ.കെ.എൽ.എഫി ന് നിർബന്ധമായിരുന്നു.കടകളെല്ലാം തുറക്കാൻ അവർ ആഹ്വാനം ചെയ്തു. ആവശ്യത്തിന് ആട്ടിറച്ചിയും മറ്റും രാജസ്ഥാനിൽ നിന്നുവരെ എത്തിക്കാൻ തീവ്രവാദി പ്രവർത്തകർ തന്നെ മുൻകൈയെടുത്തു.എത്ര റംസാൻ കാലം കർഫ്യൂകളും ബന്ദുകളുമായി അലങ്കോലപ്പെട്ടു എന്ന് ഓർക്കേണ്ടതുണ്ട്.
അതേസമയം തങ്ങളുടെ ഹിന്ദു സഹോദരങ്ങൾക്ക് ഇറച്ചി എത്തിക്കാൻ തീവ്രവാദികൾ തന്നെ മുൻകൈയെടുത്തു എന്നത് കാശ്മീരിലെ മതസൗഹാർദ്ദത്തെ വെളിവാക്കുന്നതാണ്. എന്താണ് ആട്ടിറച്ചിക്ക് ഇത്ര പ്രാധാന്യം എന്നു തോന്നാം.ആട്ടിറച്ചി കശ്മീരിൽ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. കശ്മീരി പണ്ഡിറ്റുകൾ ബ്രാഹ്മണരാണെന്നാലും ഇന്ത്യയിലെ മറ്റ് ബ്രാഹ്മണരിൽ നിന്ന് വ്യത്യസ്തരാണ്. അവർ മദ്യവും മാംസവും കഴിക്കുന്നവരാണ്. സസ്യഭുക്കുകൾ പോലും സസ്യേതര ആഹാരം കഴിക്കേണ്ട പുണ്യദിനമാണ് കശ്മീരികൾക്ക് ശിവരാത്രി.എത്രയും കടുത്ത ഒരു സമരം നടക്കുമ്പോഴും പണ്ഡിറ്റ്കൾക്ക് വേണ്ടി തീവ്രവാദികൾ വിട്ടുവീഴ്ച ചെയ്തു എന്നത് ചെറിയ കാര്യമല്ല. ഒന്ന് രണ്ട് വെടിവെപ്പു കളിൽ ചില കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അവർ കൂട്ടത്തോടെ ഒഴിച്ചു പോക്ക് തുടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യത്തിൽ നടത്തിയ ജെ കെ എൽ എഫ് പ്രകടനത്തിനുനേരെ പോലീസ് വെടി വെച്ചപ്പോൾ മരിച്ചവരിൽ ഒരു പണ്ഡിറ്റ് യുവാവും ഉണ്ടായിരുന്നു. പല പ്രകടനങ്ങളിലും നേരത്തെ പണ്ഡിറ്റ് യുവാക്കൾ ഉണ്ടായിരുന്നു.പണ്ഡിറ്റുകൾ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയപ്പോൾ പലയിടത്തും തീവ്രവാദി പ്രവർത്തകരടക്കമുള്ള മുസ്ലീങ്ങൾ ട്രക്കുകൾക്കു മുമ്പിൽനിന്ന്, പോകരുത് എന്ന് കേണപേക്ഷിക്കുകയുണ്ടായി. തീവ്രവാദി സംഘടനാ നേതാക്കൾ പലരും പത്രങ്ങളിലൂടെ അഭ്യർത്ഥന പുറപ്പെടുവിച്ചു, പണ്ഡിറ്റുകൾ കശ്മീർ വിടരുത്.വിട്ടവർ തിരിച്ചു വരണം.അവർക്ക് ഒരു അപകടവും വരില്ല. എന്നാൽ ഹിസ്ബുൾ മുജാഹിദീനെപ്പോലുള്ള തീവ്രവാദി സംഘടനകൾ, ഹിന്ദുക്കൾ മൊത്തത്തിൽ കാശ്മീർ വിട്ടു പോകണമെന്നാവശ്യപ്പെട്ടിരുന്നില്ല. കാശ്മീരികളെ ദ്രോഹിക്കുന്നതിന് കൂട്ടുനിൽക്കുന്ന ഹിന്ദുക്കൾ കാശ്മീർ വിട്ടു പോകണം എന്നേ പറഞ്ഞുള്ളൂ.പല പണ്ഡിറ്റുകളും അവരുടെ വീടും ഭൂമിയും എല്ലാം അയൽക്കാരായ മുസ് ലിംകളെ ഏൽപിച്ചിട്ടാണ് പോയത്.
പഞ്ചാബിലെ തീവ്രവാദികളെപ്പോലെ ഹിന്ദുക്കൾക്കെതിരായി കേന്ദ്രീകരിച്ച ആക്രമണങ്ങൾ ഒട്ടും ഉണ്ടായിട്ടില്ല.പലരും കൊല്ലപ്പെടുന്നതിനിടയിൽ ഹിന്ദുക്കളും കൊല്ലപ്പെട്ടു എന്ന് മാത്രം.പരമ്പരാഗതമായി കശ്മീർ താഴ് വരയിൽ മുസ് ലിംകൾക്ക് പണ്ഡിറ്റുകളെ വലിയ ബഹുമാനമാണ്. 'നമസ്കാരം മഹാരാജ' എന്നുപറഞ്ഞാണ് ഹിന്ദുവിനെ സംബോധന ചെയ്യുന്നത് തന്നെ.ഇരുവിഭാഗവും തമ്മിൽ പൊതുവായി വലിയ വ്യത്യാസമില്ല.ഹിന്ദു രാവിലെ കാവയും രാത്രി ഉപ്പുചായയും കഴിക്കുമെങ്കിൽ മുസ്ലിം രാവിലെ ഉപ്പുചായയും വൈകുന്നേരം കാവയും കഴിക്കും എന്ന വ്യത്യാസം മാത്രം. പണ്ഡിറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയിട്ടും കുറേപേർ ഇപ്പോഴും താഴവരയിലുണ്ട്. കാശ്മീർ താഴ്വരയിൽ അവർക്ക് ഒരു കുഴപ്പവുമില്ല എന്നാണ്
എ ടി യു പി ജനറൽ സെക്രട്ടറി വാഞ്ചു പറഞ്ഞത്.എനിക്ക് രണ്ട് പെൺമക്കളാണുള്ളത്. അവർ ജമ്മുവിലേക്കാൾ ശ്രീനഗറിലാണ് സുരക്ഷിതർ.അവരെ ശ്രീനഗറിൽ ആരും ബലാത്സംഗം ചെയ്യില്ല. ജമ്മുവിലോ ദില്ലിയിലോ എനിക്കത് ഉറപ്പിക്കാൻ സാധ്യമല്ല. (ലേഖനം - 6 ൽ നിന്ന്).
പിന്നെ എന്താണ് പണ്ഡിറ്റുകൾ കൂട്ടത്തോടെ താഴ് വരയിൽ നിന്ന് ഒഴിച്ചു പോകാൻ കാരണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ബിജെപിയുടെ കുതന്ത്രം ആണോ?മുസ്ലിംകൾ പലരും പറയുന്നത്, വലിയ തോതിലുള്ള ദുരിതാശ്വാസവും തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ജോലിയും വാഗ്ദാനം ചെയ്താണ് അവർ കൊണ്ടുപോയത് എന്നാണ്.എന്നാലും ജന്മഭൂമി വിട്ടെറിഞ്ഞു പോകുക ഒരു ചെറിയ കാര്യമല്ല.എന്തോ ഒരു വലിയ ഗൂഢാലോചന നടന്നിരിക്കുന്നു.''
(ലേഖനം - 6 ൽ നിന്നും)
വർഷങ്ങൾ കഴിയുമ്പോൾ, ഏതു സംഭവങ്ങളിലും നിക്ഷിപ്ത താല്പര്യക്കാർ പുതിയവ കൂട്ടിച്ചേർക്കും. 'മതം മാറുക, പലായനം ചെയ്യുക, കൊല്ലപ്പെടുക ' എന്ന് പോസ്റ്റർ പ്രക്ഷോഭകാരികൾ പതിച്ചതായി ഇപ്പോൾ പറയുന്നത് അതിലൊന്നാണ്.കാരണം, ഇപ്പോഴും 800 കുടുംബങ്ങൾ സുരക്ഷിതരായി അവിടെ കഴിയുന്നുവെന്ന് അടുത്ത വാചകത്തിൽ പറയുകയും ചെയ്യുന്നു.വൈകാരികമായി, വംശീയമായി പ്രശ്നങ്ങളെ വിലയിരുത്തുന്നതിനു പകരം നിഷ്പക്ഷമായി സത്യസന്ധതയോടെ വിശകലനം ചെയ്യാൻ ശ്രമിക്കുക. സമാധാനം നിറഞ്ഞ ഒരു അവസ്ഥ ആ സംസ്ഥാനത്ത് ഉണ്ടാകട്ടെ എന്നും എന്നെന്നും നമ്മോടൊപ്പം നമ്മുടെ അഭിമാനമായി കാശ്മീർ നിലനിൽക്കട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം, അതിനായി പരിശ്രമിക്കാം.