Sorry, you need to enable JavaScript to visit this website.

സഞ്ചാരികളേ വരൂ ചെമ്പ്ര മലയിലേക്ക് 

യാത്ര പകരുന്ന അനുഭൂതികളാണ് ചെമ്പ്രയിൽ വീണ്ടുമെത്തിച്ചത്. പച്ചപ്പിലും കോടയിലും പുതഞ്ഞ ആദ്യ യാത്ര.  പിന്നെയും പിന്നേയും മലകയറി. ഓരോ തവണ കയറിയിറങ്ങുമ്പോഴും പിന്നേയും ചിലതു ബാക്കിയാക്കുന്ന അനുഭൂതിയാണ് ചെമ്പ്ര. 
മഴതോർന്ന പുലർകാലത്ത് ചായത്തോട്ടത്തിനിടയിലൂടെ ചെമ്പ്രയുടെ താഴ്‌വാരത്തിലേക്ക്. ഇടയിൽ ടിക്കറ്റ് കൗണ്ടർ കഴിഞ്ഞപാടുള്ള വളവിൽ കുട്ടിയെ കാലിനുള്ളിലൊതുക്കി വാഹനത്തെ നോക്കുന്ന ആന. ഏറെ നേരത്തെ പ്രതിസന്ധിക്കുശേഷം ടവറിന് സമീപത്തെത്തിയപ്പോൾ തൊട്ടടുത്ത മലയിടുക്കിൽ നിരന്നു നിൽക്കുന്നുണ്ട്, വലിയൊരാനക്കൂട്ടം. യാത്ര നാലാമത്തേതെങ്കിലും ഈ കാഴ്ച ചെമ്പ്രയിൽ ആദ്യത്തേതാണ്. പാറയിടുക്കുകൾക്കിടയിലൂടെ കഷ്ടപ്പെട്ടു കയറിയ ഇടവഴികളിൽ ആരോ കൈക്കോട്ട്‌കൊണ്ട് വഴിവെട്ടിയിരിക്കുന്നു. ഏറെയില്ലെങ്കിലും പഴയതിനേക്കാൾ വീതി ചില സ്ഥലങ്ങളിൽ കണ്ടുതുടങ്ങി. ശുഭ സൂചനയല്ലിത്. സന്ദർശകരുടെ ബാഹുല്യം താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് ചെമ്പ്ര കടക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ. 


മലഞ്ചെരിവുകളിൽ പൂക്കൾ വിടർന്നിരിപ്പുണ്ട്. കാലിടറുമ്പോൾ പിടിച്ചുകയറിയ കട്ടിയുള്ള പുൽക്കൂട്ടങ്ങൾക്ക് പഴയതിനേക്കാൾ കടുത്ത പച്ച നിറമാണ്. അരുവിക്കരിലൂടെയുള്ള വഴി കുറച്ചുകൂടി മുകളിലേക്ക് മാറിയിട്ടുണ്ട്. എങ്കിലും അരുവിക്കരികിലെത്താം. മുമ്പൊരിക്കലും ഇങ്ങനെ സന്തോഷവതിയായി ഒഴുകിക്കണ്ടിട്ടില്ല ചെമ്പ്രയെ ഉർവ്വരമാക്കുന്ന അരുവിയെ, താളമുണ്ട്, വേഗതയുണ്ട്, സൗന്ദര്യവും. 
ഇനി മുന്നിലുള്ള, അധികം കയറ്റമില്ലാത്ത മലഞ്ചെരിവ് കടന്നാൽ ഹൃദയ തടാകത്തിലെത്താം. വാടിത്തളർന്ന ശരീരത്തെ തണുപ്പിച്ച്‌കൊണ്ട് ഇടയ്‌ക്കൊക്കെ കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ആവേശത്തിൽ ആദ്യം മലകയറിയ അജ്മലും അഭിയും മുകളിൽ കാത്തിരിക്കുന്നുണ്ട്. അവരാണ് ഇത്തവണ ആദ്യം ഹൃദയതടാകത്തെ അനുഭവിച്ചത്. 
വയനാട്ടിലെ ഏറ്റവും ഉയരംകൂടിയ കുന്നിനു മുകളിൽ നിറഞ്ഞു കവിഞ്ഞ് സുന്ദരിയായ ഹൃദയതടാകത്തിന് കാവലായി പച്ചപുതച്ച് നിൽക്കുന്നുണ്ട് മലനിരയിലെ പുൽ നാമ്പുകൾ. ആസ്വദിച്ച, അറിഞ്ഞ, അനുഭവിച്ച മണിക്കൂറുകൾ. 
 

Latest News