കോഴിക്കോട് ജില്ലയിൽനിന്ന് വയനാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്ന കേബിൾ കാർ പദ്ധതിക്ക് വഴിതെളിയുന്നു. വയനാടിന്റെ വിനോദ സഞ്ചാര സാധ്യതകൾക്ക് മുതൽക്കൂട്ടാവുന്ന പദ്ധതി സംബന്ധിച്ച് ജില്ലാ കളക്ടർ യു.വി ജോസിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് ചേമ്പറിൽ യോഗം ചേർന്നു. ജില്ലയിൽ അടിവാരം മുതൽ വയനാട് ലക്കിടി വരെ തുടങ്ങുന്ന പദ്ധതിക്ക് പിന്നിൽ വയനാട് ചേമ്പർ ഓഫ് കൊമേഴ്‌സാണ്. 70 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ദാമോദർ റോപ് വേ ഇൻഫ്രാ ലിമിറ്റഡ് എന്ന കൊൽക്കത്ത കമ്പനിക്കായിരിക്കും പദ്ധതിയുടെ നിർമ്മാണ ചുമതല. വയനാട് ചുരം യാത്ര 20 മിനിട്ടിനുള്ളിൽ പൂർത്തിയാക്കാമെന്നതാണ് കേബിൾ കാറിന്റെ പ്രത്യേകത. ഇതോടെ യാത്രാദൂരം 3.6 കിലോമീറ്ററായി ചുരുങ്ങും. ഒരേ സമയം ആറുപേർക്ക് യാത്ര ചെയ്യാവുന്ന കാബിനുകളാണ് കേബിൾ കാറിൽ ഒരുക്കുന്നത്. 45 മുതൽ 50 വരെ കാബിനുകളാണ് തുടക്കത്തിൽ ഉണ്ടാവുക. മണിക്കൂറിൽ 400 പേർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ചുരത്തിനു മുകളിൽ ലക്കിടിയിലും താഴെ അടിവാരത്തും റോപ് വേയിൽ കയറുന്നിടത്തും ഇറങ്ങുന്നിടത്തും പാർക്കിങിന് ഒരേക്കർ സ്ഥലമെങ്കിലും വേണം.
ലക്കിടിയിൽ ഓറിയന്റൽ കോളേജിനുസമീപം വൈത്തിരി വില്ലേജ് റിസോർട്ട് സി.എം.ഡി എൻ.കെ. മുഹമ്മദ് സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. താഴെ അടിവാരത്ത് ഇതിനുള്ള സ്ഥലം ലഭ്യമായെങ്കിലും സ്ഥലമേറ്റെടുക്കൽ പൂർത്തിയായിട്ടില്ല. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.