Sorry, you need to enable JavaScript to visit this website.

ഉംലജിലെ മാമ്പഴക്കാലം

ഉംലജിലെത്തിയ മലയാളി കുടുംബങ്ങൾ. 

അൽഹവറയുടെ പുതിയ പേരാണ് ഉംലജ്. കാലത്തിന് മുന്നിൽ അത്ഭുതം നിറച്ചു നിൽക്കുന്ന മരുഭൂമിയിലെ നിരവധി അതിശയ കോട്ടയിൽ ഉംലജും ഉൾപ്പെടുന്ന ചരിത്രമാണ് ആ പ്രദേശത്തിന്റെ പ്രത്യേകത. യാമ്പുവിൽ നിന്നും ഏകദേശം 168 കിലോമീറ്റർ ദൂരെ പടിഞ്ഞാറ് വ്യാപിച്ചു കിടക്കുന്ന പുരാവസ്തുപരവും ചരിത്രപരവുമായ വലിയ പഠന ശേഖരങ്ങളാണ് ഉംലജിന്റെ ഭൂപ്രകൃതി അതെ സമയം ഉംലജ് ഭൂമി ശാസ്ത്രപരമായി സൗദി അറേബ്യയുടെ മാല ദ്വീപ് എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കാൻ കാരണം ഇതിന്റെ വിനോദ സഞ്ചാര പ്രൗഢിയായിരിക്കാം. 
ഇപ്രാവശ്യത്തെ പെരുന്നാൾ അവധിക്ക് ഉംലജ് തെരഞ്ഞെടുക്കാൻ കാരണം തബൂക്ക് മേഖലയിലെ ഈ കൊച്ചു വിനോദ സഞ്ചാര കേന്ദ്രത്തിലെ വെണ്ണ മണലും പാശ്ചാത്യ രാജ്യങ്ങളോട് സാമ്യമുള്ള കടൽ തീരവും പവിഴ പുറ്റ് ദ്വീപുകളും, മൃദുല ചടുലമായ കാലാവസ്ഥയെ പറ്റിയും കേട്ടറിഞ്ഞ് ശനിയാഴ്ച രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ ഉംലജിന്റെ മനോഹരമായ കടൽ തീരത്ത് എത്തിയിരുന്നു. യാമ്പുവിൽ നിന്നും പുറപ്പെട്ട് ഉംലജിന്റെ പടിക്കൽ എത്തുന്നത് വരെ കാറിലെ എ.സി മാക്‌സിമത്തിലാണ് പ്രവർത്തിക്കുന്നത്. പക്ഷെ കടൽ തീരത്തെ ഓപ്പൺ ജാലകം അപ്പോഴും കഠിന ചൂടിനെ തടഞ്ഞുനിർത്താനുള്ള അതികഠിനമായ പ്രയത്‌നത്തിയിലായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഈ മനോഹര തീരത്തെ കടൽ വായു ശ്വസിച്ച് ആശ്വാസം കണ്ടെത്തി. 


പെരുന്നാൾ ആഘോഷം ആഹ്ലാദപൂർണ്ണമായി കൊണ്ടാടാൻ റിയാദിൽനിന്നും തായിഫിൽ നിന്നും തബൂക്കിൽ നിന്നും യാമ്പുവിൽ നിന്നുമെല്ലാം സന്ദർശകർ കുതിച്ചെത്തുന്ന സായാഹ്നമാണ്. കരയിൽ നിന്ന് കിലോമീറ്ററോളം കടലിലൂടെ നടന്ന് ഉലാത്താനും നീന്തികുളിക്കാനുമെല്ലാം മത്സരിക്കുന്ന ജനക്കൂട്ടം ഒരുവശത്ത്. ബോട്ട് യാത്രക്കുള്ള തിരക്ക് വേറെ ഒരു ഭാഗത്ത്. പർവത സവാരിക്ക് ഒരുങ്ങുന്ന മറ്റൊരു വിഭാഗവും അവിടെ ഒരുങ്ങിനിൽപ്പുണ്ട്. കരയിലെ പാർക്കിൽ പാക്കിസ്ഥാനികളുടെ നാടോടി നൃത്തവും പാട്ടും കുളിർമ പകർന്നു. അപ്പുറം മറ്റു ചില യുവാക്കളുടെ ഗാനമേളയും അന്തരീക്ഷത്തിൽ ഉത്സവ പ്രതീതി പകർന്നു. വൈകുന്നേരം അഞ്ചു മണിയായപ്പോൾ തന്നെ ഉംലജ് സഞ്ചാരികളുടെ പറുദീസയായി മാറി.
റോഡിന് പടിഞ്ഞാറ് വശം ശാന്തമായ കടൽ തീരവും കിഴക്ക് വശം കുന്നിൻ ചെരിവുകളും താഴ്‌വരകളിൽ ഏതാനും കെട്ടിടങ്ങളും ഉല്ലാസ ദ്വീപുകളും മാത്രമാണ് ഉംലജിന്റെ മുഖഭാവം എന്ന് മനസ്സിലാക്കിയവർക്ക് കൗതുകം പകരുന്ന ദൃശ്യമാണ് ഇവിടത്തെ മാമ്പഴ തോട്ടം. 


കടൽ തീരത്ത് നിന്നും നാല് കിലോ മീറ്റർ കിഴക്ക് ഭാഗത്താണ് ഉംലജ് മാമ്പഴ ഫാമുകൾ സ്ഥിതി ചെയ്യുന്നത്. സുഹൃത്തുക്കളുടെയും ഏതാനും അറബികളുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ മാമ്പഴ തോട്ടം സന്ദർശിക്കാൻ തീരുമാനിച്ചത്. വൈകുന്നേരം കട്ടൻ ചായയും പോപ്‌കോണും കഴിച്ച ശേഷമാണ് തോട്ടം കാണാൻ ചെന്നത്.
റോഡിന് കിഴക്ക് വശം നിറയെ തോട്ടങ്ങളാണ്. വിവിധ രാജ്യങ്ങളിലെ മാങ്ങകൾ ചെറിയ ചെറിയ മാവുകളിൽ തൂങ്ങി നിൽക്കുന്നത് അത്ഭുതം കൂറുന്ന കാഴ്ചയാണ്. 
മാങ്ങയുടെ വിളവെടുപ്പ് സമയമാണ് ഉംലജിൽ ഇപ്പോൾ. റോഡരികിലെ ഒരു തോട്ടത്തിനകത്ത് കടന്ന ഞങ്ങളെ സ്വീകരിക്കാൻ ഒരു വൃദ്ധനായ ഈജിപ്ഷ്യൻ ചിരിച്ചു കൊണ്ട് വന്നു. അയാളുടെ ഭാഷ എനിക്കും കൂടെയുള്ളവർക്കും മനസ്സിലായില്ലെങ്കിലും ഊഹിച്ച് എടുക്കാൻ യാതൊരു പ്രയാസവും തോന്നിയില്ല. എല്ലാവർക്കും അയാൾ കൈ നിറയെ പഴുത്ത മാങ്ങ പറിച്ചു കഴുകി തിന്നാൻ പറഞ്ഞു. മാത്തോട്ടങ്ങളിലെ പച്ചിലയും മഞ്ഞ ഫലവും പോലെ തന്നെ സൗന്ദര്യം സ്പർശിക്കുന്ന രുചിയാണ് ഇവിടെ വിളയുന്ന മാങ്ങകൾക്കും. 
ഇന്ത്യ, പാക്കിസ്ഥാൻ ,യെമൻ ,ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ മാങ്ങകളെ അവർ നമുക്ക് പരിചയപ്പെടുത്തി. നേരിയ തോതിൽ കീടനാശിനി ഉപയോഗിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത കടലിൽനിന്നും വീശുന്ന കാറ്റ് കീടനാശിനിയുടെ വീര്യം നശിപ്പിക്കുമെന്ന് തോട്ടം തൊഴിലാളിയുടെ വാക്കുകളിൽനിന്നും മനസ്സിലായി. മരുഭൂമിയിലെ തോട്ടങ്ങളിൽ ഇത് വരെ കാണാതിരുന്ന മാത്തോട്ടം കാണാൻ കഴിഞ്ഞത് ഒന്നൊന്നര സംഭവമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. .മാമ്പഴ വിളയുടെ സമയം ഞങ്ങളെ ഓർമ്മിപ്പിച്ചത് സ്വദേശികളും മറ്റു ചില മലയാളി സുഹൃത്തുക്കളുമാണ്. യാമ്പുവിൽ നിന്നും പുറപ്പെടുമ്പോൾ ഉംലജ് ബീച്ച് മാത്രമേ ഞങ്ങളുടെ സന്ദർശക അജണ്ടയിലുണ്ടായിരുന്നുള്ളു. 


കൊച്ചു മകന്റെ മുഷിപ്പ് പ്രകടമായി തുടങ്ങിയപ്പോൾ തന്നെ തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പിലായി. 80 റിയാലിന് ഒരു കാർട്ടൻ നിറയെ മാങ്ങയും വാങ്ങി വീണ്ടും വരാമെന്ന് പറഞ്ഞു കൊണ്ടാണ് തോട്ടത്തിന്റെ ഗേറ്റിനു പുറത്ത് കടന്നത്.
ഉംലജ് ഭൂപ്രകൃതി ഒരനുഗ്രഹമാണ്. പ്രകൃതിയുടെ ഈ വിനോദ ജാലകം 24 മണിക്കൂറും സഞ്ചാരികളെ സ്വീകരിക്കാനായി തുറന്നിട്ടിരിക്കും. വരും കാലങ്ങളിൽ കാഴ്ചകളുടെ വസന്തമൊരുക്കുന്ന വികസനമാണ് സൗദി അധികൃതർ ഈ പ്രദേശത്ത് സ്വപ്നം കാണുന്നത്. പക്ഷികളുടെയും സമുദ്രജീവികളുടെയും കുടിയേറ്റത്തിനു വേണ്ടി കൂടുതൽ പദ്ധതികൾ നടപ്പിലാക്കി വരുന്നു. നമുക്കും പങ്കാളിയാകാം അടുത്ത അവധിക്കാലങ്ങളിൽ. 
 

Latest News