കോഴിക്കോട് - നിപ പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്‌ന്മെന്റ് സോൺ നിയന്ത്രണം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പി.എസ്.സി പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം. ഈ മാസം 26ന് (മറ്റന്നാൾ ചൊവ്വാഴ്ച) നടക്കുന്ന പരീക്ഷകളുടെ ബേപ്പൂരിലുള്ള കേന്ദ്രങ്ങൾ മാറ്റി.
ബേപ്പൂർ ജി.എച്ച്.എസ്.എസ് സെന്റർ ഒന്നിലെ ഉദ്യോഗാർത്ഥികൾ കുറ്റിച്ചിറ ഗവ. വി.എച്ച്.എസ്.എസിൽ പരീക്ഷ എഴുതണം. ബേപ്പൂർ ജി.എച്ച്.എസ്.എസ് സെന്റർ രണ്ടിലെ ഉദ്യോഗാർത്ഥികൾക്കുള്ള പരീക്ഷാകേന്ദ്രം കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസിൽ ക്രമീകരിക്കുമെന്നും പി.എസ്.സി അധികൃതർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്ന് സാധാരണ നിലയിൽ പ്രവർത്തിക്കും. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിർബന്ധമായും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശിച്ചു. എന്നാൽ, കണ്ടെയിന്മെന്റ് സോണുകളിലെ ക്ലാസുകൾ ഓൺലൈനായി തന്നെ തുടരുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.