തിരുവനന്തപുരം - പോക്‌സോ കേസിലെ ഇരയെ കോടതിയില്‍ മൊഴി നല്‍കുന്നതില്‍ നിന്ന് തടയുകയും പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സര്‍ക്കാര്‍ അഭിഭാഷകനെ പുറത്താക്കി. നെയ്യാറ്റിന്‍കര പോക്‌സോ കോടതി അഭിഭാഷകന്‍ അജിത് തങ്കയ്യനെയാണ് ആഭ്യന്തര വകുപ്പ് പിരിച്ചുവിട്ടത്. ഇര നല്‍കിയ പരാതിയില്‍ അജിത്തിനെ പിരിച്ച് വിടാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
കോടതിയില്‍ മൂന്ന് തവണ മൊഴി നല്‍കാന്‍ വന്നിട്ടും പ്രോസിക്യൂട്ടര്‍ കോടതിയില്‍ കയറ്റിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. മൂന്നാമത്തെ തവണ കോടതിയില്‍ എത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയണമെന്നാവശ്യവുമായി ഒരു കവറില്‍ പണമിട്ട് ഓഫീസില്‍ വച്ച് അഭിഭാഷകന്‍ നല്‍കിയെന്നും അതിജീവിതയുടെ പരാതിയില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം സപെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പരാതിയില്‍ കഴമുണ്ടെന്ന് വ്യക്തമായതും തുടര്‍ന്ന് അഭിഭാഷകനെ പിരിച്ചുവിട്ടതും.