Sorry, you need to enable JavaScript to visit this website.

പാദപൂജയും സമൂഹത്തിന്റെ ജാഗ്രതയും

തൃശൂർ ചേർപ്പ് സി.എൻ.എൻ. സ്‌കൂളിൽ വിദ്യാർഥികൾ അധ്യാപകരുടെ പാദപൂജ ചെയ്യുന്നു

പണ്ടത്തെപ്പോലെയല്ല, രാജ്യം ആകുലതകളുടെ അർബുദാവസ്ഥയിലൂടെ വേച്ചുവേച്ച് പോയ്‌കൊണ്ടിരിക്കെ ചില അശുഭ വാർത്തകൾ കാലത്തിന്റെ ദിശാ സൂചികകളാകാറുണ്ട്. ഇങ്ങനെ കാണാവുന്ന ഒരു സംഭവമാണ് തൃശൂരിലെ ചേർപ്പ് സ്‌കൂളിൽ ഈയിടെ നടന്നത്. 
സഞ്ജീവനി ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ചേർപ്പ് സി.എൻ.എൻ. സ്‌കൂളിലാണ് വേദവ്യാസ ജയന്തിയുടെ ഭാഗമായി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ചത്. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയം; കേരളത്തിന്റെ സംസ്‌കാരിക തലസ്ഥാനത്ത് ഒരു നൂറ്റാണ്ട് കാലം ലക്ഷക്കണക്കിന് മനുഷ്യ സ്‌നേഹികൾക്ക് അറിവും, സംസ്‌കാരവും പകർന്നുനൽകിയ കലാലയം. പത്മശ്രീ പുരസ്‌കാരം ലഭിച്ച മാമണ്ണ മന വിജയൻ, പ്രശസ്ത ചിത്രകാരൻ റിയാസ് കോമുവടക്കം ഒട്ടനവധി പ്രകൽഭരായ ഭാരതീയരെ വാർത്തെടുത്ത വിദ്യാപീഠം. അതാണ് ഇവ്വിധം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നതും വർത്തമാന കാലത്തിന്റെ വിഹ്വലതകൾക്ക് കേളീരംഗമാവുന്നതും. 
'ചേർപ്പ്' എന്നാൽ ചേരുന്നിടം എന്നർത്ഥം. ഐതീഹ്യ പ്രകാരം വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമൻ മഴുവെറിഞ്ഞു കിട്ടിയ ഭൂമിയായ കേരളത്തിൽ അദ്ദേഹം ആര്യന്മാരെയും ദ്രാവിഡന്മാരെയും ഒരുമിച്ചുചേർത്തു പാർപ്പിച്ചു. ഗോകർണ്ണത്തിനും കന്യാകുമാരിക്കുമിടക്ക് അറുപത്തിനാലിടത്തായി അത്തരം അഗ്രഹാരങ്ങൾ ഉണ്ടാക്കിയിരുന്നു. അതിലൊന്നാണ് ചേർപ്പ്. പണ്ടതിന്റെ പേര് പെരുവാണം എന്നായിരുന്നു. മഹാത്മാ ഗാന്ധിയുടെ ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയിൽ മുഖ്യപങ്കുവഹിച്ച സ്ഥലം. ചെണ്ടമേളം, പഞ്ചവാദ്യം, പൂരം മുതലായ സാംസ്‌കാരിക പൈതൃകങ്ങൾക്ക് പുകൾപെറ്റ ഭാസുര ഭൂമിയുമാണ് ചേർപ്പ്.
ഇന്ന് അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന, പ്രീപ്രൈമറി  തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള സ്‌കൂളുകൾക്ക് 1916ൽ ആറാം തമ്പുരാൻ ചിറ്റൂർമനയിലെ ബ്രഹ്മശ്രീ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടാണ് തുടക്കമിട്ടത്. (സി.എൻ.എൻ എന്നത് അദ്ദേഹത്തിന്റെ പേരാണ്). 1986 വരെ ചിറ്റൂർ മനയുടെ ഉടമസ്ഥതയിൽ തന്നെയായിരുന്നു ഈ സ്ഥാപനങ്ങളൊക്കെ. പിന്നീടാണ് സഞ്ജീവനി എന്ന പേരിലുള്ള ട്രസ്റ്റിന് കൈമാറുന്നത്.
മലബാറിലെ രാജകുടുംബമായ സാമൂതിരിയുടെ രാജ്യോപദേശകരായിരുന്നു ചിറ്റൂർ മനയിലെ നമ്പൂതിരിമാർ. സാമൂതിരിമാരാവട്ടെ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങൾക്ക് മുന്തിയ പരിഗണയും വിവിധ മതവിശ്വാസികൾക്ക് അവരുടെ വിശ്വാസ പ്രമാണങ്ങളനുസരിച്ച് ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും സസന്തോഷം വകവെച്ചുകൊടുത്തവരുമാണ്. അത്തരമൊരു മഹത് പാരമ്പര്യത്തിന്റെ പിന്തുടർച്ചയുള്ള ആറാം തമ്പുരാന്റെ സ്ഥാപനത്തിലെങ്ങനെ ഇങ്ങനെയൊരു സംഭവം ഉണ്ടായി? ഇതാണ് പരിശോധിക്കപ്പെടേണ്ടതും അനിവാര്യമായും തിരുത്തപ്പെടേണ്ടതും. 
വേദവ്യാസ മുനിയുടെ ജയന്തിയാണ് ഗുരുപൗർണ്ണമിയായി കൊണ്ടാടുന്നത്. മഹാവിഷ്ണുവിന്റെ വംശാവലിയിലെ മുനിപ്രവരനും കൗരവപാണ്ഡവരുടെ മുത്തശ്ശനുമാണ് ഹിന്ദു ഐതീഹ്യത്തിൽ വ്യാസൻ. ബ്രഹ്മസൂത്രം, ഭാഗവതം, പുരാണങ്ങൾ, മഹാഭാരതം എന്നിവയൊക്കെ വ്യാസമുനിയുടെ സംഭാവനകളായി കണക്കാക്കുകയും, വ്യാസനെ ഗുരുക്കളുടെ ഗുരുവായി ഗണിക്കുകയും ചെയ്യുന്നു, ഹിന്ദുക്കൾ. അതിനാൽ ഈ ദിനം ഗുരു പൗർണ്ണമിയായി കൊണ്ടാടുന്നുവെന്നത് യുക്തിസഹവും സനാതനവും തന്നെ. അത്രയും ആർക്കും ഉൾകൊള്ളാൻ പറ്റുന്നതും സഹാനുഭൂതിയോടെ കാണേണ്ടതുമാണ്. എന്നാൽ, മറ്റൊരു വിഭാഗം മത വിശ്വാസികൾക്ക് മനുഷ്യരുടെ കാൽപ്പാദങ്ങൾ തൊട്ടുവണങ്ങുകയെന്നത് അവരുടെ വിശ്വാസത്തിനെതിരാണ്. അത്തരം വണക്കം ദൈവത്തിന് മാത്രമേ ചെയ്യാവൂവെന്നാണ് അവരുടെ പ്രമാണം. അതുകൊണ്ട് അവരുടെ വിശ്വാസങ്ങൾക്ക് കടുത്ത വിയോജിപ്പുള്ള ഒരു കൃത്യം അവരെക്കൊണ്ട് ചെയ്യിക്കേണ്ട വല്ല കാര്യവും സ്‌കൂളിനുണ്ടോ? പൊതു വിദ്യാലയങ്ങളെന്നത് എല്ലാ വിശ്വാസികൾക്കും ഒരു വിശ്വാസമില്ലാത്തവർക്കും ഒരുപോലെ ജ്ഞാനദീപമായി പരിലസിക്കേണ്ട ദീപസ്തംഭങ്ങളല്ലേ?  സി.എൻ.എൻ സ്‌കൂൾ പുറത്തിറക്കിയ അതിന്റെ 2017 ലെ പ്രോസ്‌പെക്റ്റസിൽ സ്‌കൂളിന്റെ അടിസ്ഥാന മൂല്യങ്ങളായി എണ്ണിയിരിക്കുന്നത് ഇവയാണ്: മറ്റുള്ളവരോടുള്ള ആദരവ്, വിശാലമായ സഹിഷ്ണുത, എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളൽ, ഒപ്പം മികവും (ഞലുെലര,േ ഠീഹലൃമിരല, കിരഹൗശെ്‌ലില ൈമിറ ഋഃരലഹഹലിരല). ഈ പരിശുദ്ധ മൂല്യങ്ങളോട് നീതിപുലർത്തുന്നതായില്ല കഴിഞ്ഞ ദിവസം ഉണ്ടായ പ്രവർത്തിയെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. 
പഠിക്കുന്ന കുട്ടികളുടെ എണ്ണമോ, സ്ഥാപനം നടത്തുന്ന സമിതിയോ ഒന്നുമല്ല പൊതു വിദ്യാലയങ്ങൾക്ക് മാനദന്ധം. അത് സമഭാവനയുടെയും സഹവർത്തിത്വത്തിന്റെയും കളിത്തൊട്ടിലാവണം. അതിനൊരു ചെറിയ ചാഞ്ചാട്ടം ഉണ്ടായാൽതന്നെ കേരളം ഇന്നോളം ആസ്വദിക്കുന്ന സഹിഷ്ണുതയുടെ മെറ്റബോളിസം തകർന്നടിയും. വിവേകമാണ് നയിക്കേണ്ടത്. 
തീവ്ര ചിന്തകൾക്ക് കാട്ടുതീപോലെ അതിശീഘ്രം സഞ്ചരിക്കാനാകും. സർവ്വനാശത്തിന്റെ സ്ഫുലിംഗങ്ങൾ മിന്നിമറയും വേഗതയിൽ പാഞ്ഞടുക്കും. അത് കേരളത്തെ വളരെയെളുപ്പം ഒരു ശവപ്പറമ്പാക്കി മാറ്റും. സംസ്‌കാരത്തിന്റെ തലസ്ഥാനമായ തൃശൂരിന്റെ മണ്ണിൽ ഒരിക്കലുമരുത്, ഈ അരുതായ്മ. 

Latest News