കോഴിക്കോട്- നിപ വൈറസ് ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഒഴികെയുള്ള സ്‌കൂളുകള്‍ക്കാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.
വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസര്‍ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. കണ്ടൈന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍, അവിടെ എര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ അധ്യയനം ഓണ്‍ലൈന്‍ ആയി തന്നെ തുടരേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
അതിനിടെ, കണ്ടെയ്‌മെന്റ് സോണിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26ന് നടക്കാനുള്ള പരീക്ഷയുടെ കേന്ദ്രങ്ങളാണ് പുതുക്കിയത്. കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റര്‍ 1 ജിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റര്‍ 2 കാലിക്കറ്റ് ഗേള്‍സ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്. മത്സരാര്‍ത്ഥികള്‍ക്ക് പഴയ അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളില്‍ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.