Sorry, you need to enable JavaScript to visit this website.

തുളുമ്പാനൊരുങ്ങി ഇടുക്കി അണക്കെട്ട് 

ഒരു ആർദ്ര പ്രണയത്തിന്റെ പുരാവൃത്തമുണ്ട് ഇടുക്കി അണക്കെട്ടിന് പിന്നിൽ. കുറവന്റെയും കുറത്തിയുടെയും പ്രണയം ഇഷ്ടപ്പെടാതിരുന്ന മലദൈവങ്ങൾ ശപിച്ചപ്പോൾ ഇരുവരും പാറയായെന്നാണ് ഐതീഹ്യം. തൊട്ടടുത്ത് നിന്നിട്ടും തൊടാൻ കഴിയാതെ പെരിയാറിന് ഇരുപുറവും നിൽക്കുന്ന പാറകൾ. ആ പ്രണയിതാക്കളെ തമ്മിൽ ബന്ധിപ്പിച്ചത് അവർക്കിടയിൽ മനുഷ്യൻ നിർമിച്ച മഹാത്ഭുതമാണ്- ഇടുക്കി അണക്കെട്ട് എന്ന അത്ഭുതം. 
പർവതം നീല മുത്തു പോൽ തുളച്ച് നൂൽ പാകണം എന്ന് വൈലോപ്പിള്ളി കവിതയിൽ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതേ കവിഭാവനക്ക് സമാനമായ അത്ഭുതമാണ് കുറവൻ-കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് തടയിട്ട് കെട്ടിപ്പൊക്കിയ ഇടുക്കി അണക്കെട്ട്. 
26 വർഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് ഒരിക്കൽ കൂടി നിറയാനൊരുങ്ങുന്നു. 2395 അടിയാണ് ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് സംഭരണശേഷിയെങ്കിലും 2401 അടിയാകുമ്പോൾ ഇടുക്കി പദ്ധതിയുടെ മൂന്ന് ഡാമുകളിലൊന്നായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് ഏതാനും സെന്റി മീറ്റർ ഉയർത്തും. പാൽനുരപോലെ പതഞ്ഞ് തെറിക്കുന്ന വെള്ളം പെരിയാറിലൂടെ ഒഴുകുന്ന മനോഹര കാഴ്ച അപ്പോൾ ദൃശ്യമാകും. 
1981, 92 വർഷങ്ങളിലാണ് 1977ൽ കമീഷൻ ചെയ്ത ഇടുക്കി അണക്കെട്ട് ഇതിനുമുമ്പ് നിറഞ്ഞൊഴുകിയിട്ടുളളത്. 2005ൽ 2400 അടി വരെയും 2013 സെപ്റ്റംബർ 22ന് 2401.7 അടി വരെയും ജലനിരപ്പ് എത്തിയിരുന്നു.
ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിൽ കാലവർഷത്തിന്റെ ആദ്യപാദത്തിൽ ഏറ്റവും കൂടുതൽ വെള്ളം ഒഴുകിയെത്തിയത് ഇക്കുറിയാണ്. അണക്കെട്ട് നിറയുമ്പോൾ 70854.5 ദശലക്ഷം ഘനയടി വെള്ളമുണ്ടാകും. 


ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ ചേർന്നതാണ് ഇടുക്കി പദ്ധതി. 81ൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളിൽ രണ്ടെണ്ണവും 91ൽ നാലു ഷട്ടറുകളും തുറന്നു. അഞ്ചു സെന്റിമീറ്റർ വരെയാണ് ഷട്ടർ ഉയർത്തുക. 2280 അടി വരെ ജലനിരപ്പ് താഴുമ്പോൾ ഇടുക്കി പദ്ധതിയുടെ വൈദ്യുതോൽപ്പാദന കേന്ദ്രമായ മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം നിർത്തും. 1982ൽ 2282 അടി വരെ ജലനിരപ്പ് താഴുകയും പവർഹൗസ് പ്രവർത്തനം നാമമാത്രമാക്കുകയും ചെയ്തിരുന്നു.
1919 ൽ ഇറ്റലിക്കാരനായ ഇ.ജെ. ജേക്കബ് എന്ന എൻജിനീയർ തിരുവിതാംകൂർ ഗവൺമെന്റിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ആദ്യം ഇടുക്കിയിലൊരു അണക്കെട്ടാകാമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. 1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ നായാട്ടിന് ഈ കൊടുംകാട്ടിലെത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. അന്ന് ഈ ഭാഗത്തെ ഊരാളി ഗോത്രതലവനായിരുന്ന കൊലുമ്പൻ എന്ന ആദിവാസിയുമായി പരിചയപ്പെട്ട ജോൺ നായാട്ടിന് സഹായിയായി ഇയാളെ വിളിച്ചു. കൊലുമ്പൻ അനുഗമിച്ചു. അയാൾ നാടൻ പാട്ടുകളിലെ കുറവൻ കുറത്തികഥ ജോണിന് പറഞ്ഞു കൊടുത്തു. കുറവൻ കുറത്തി മലകളുടെ ഇടുക്കിലൂടെ ഞെങ്ങി ഞെരുങ്ങിയൊഴുകുന്ന പെരിയാർ ജോണിന്റെ ശ്രദ്ധ ആകർഷിച്ചു. മലകളെ ബന്ധിപ്പിച്ച് പെരിയാറിനെ തടഞ്ഞുനിർത്തിയാൽ അനസ്യൂതമായ വൈദ്യുതോൽപാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താമെന്ന് ഈ ധിഷണശാലിക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി.
ഇവിടെ നിന്നും മടങ്ങിയ ജോൺ എൻജിനീയറായ അനുജന്റെ സഹായത്തോടെ ഇടുക്കിയുടെ സാധ്യതകളെപ്പറ്റി തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. 1937 ൽ ഇറ്റലിക്കാരനായ ആഞ്ജമോ ഒമേദയോ, ക്ലാന്തയോ മാസെലെ എന്നീ എൻജിനീയർമാർ ഇടുക്കിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനനുകൂലമായ പഠന റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ തിരുവിതാംകൂർ സർക്കാർ ഇതിന് തയാറായില്ല.


1947 ൽ തിരുവിതാംകൂറിലെ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന പി. ജോസഫ് ജോണിന്റെ റിപ്പോർട്ടിൽ പെരിയാറിനെയും ചെറുതോണിപുഴയേയും ബന്ധിപ്പിച്ച് അണക്കെട്ട് നിർമിക്കാനും അറക്കുളത്ത് വൈദ്യുതി നിലയം സ്ഥാപിക്കാനും ശുപാർശ ചെയ്തു. 1956 ൽ കേരള സർക്കാരിനു വേണ്ടിയും അടുത്ത വർഷം കേന്ദ്രജല വൈദ്യുത കമ്മീഷനു വേണ്ടിയും സമഗ്രമായ പഠനങ്ങൾ നടന്നു. 1961ലാണ് ഇടുക്കി അണക്കെട്ടിന്റെ രൂപകൽപ്പന ഉണ്ടാക്കിയത്.
1963ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് ഇടുക്കി പദ്ധതിയുടെ നിർമ്മാണ ചുമതല കേരള വൈദ്യുതി വകുപ്പ് ഏറ്റെടുത്തു. 1966 ൽ കൊളംബോ പദ്ധതി പ്രകാരം കാനഡാ സർക്കാർ സഹായ ഹസ്തം നീട്ടുകയും 1967 ൽ ഇന്ത്യയും കാനഡയും ഇതുസംബന്ധിച്ചുള്ള കരാർ ഉണ്ടാക്കുകയും ചെയ്തു.
കൊച്ചി തുറമുഖത്തു നിന്നും 130 കിലോമീറ്റർ തെക്കു കിഴക്കായും കോട്ടയത്തു നിന്നും 127 കിലോമീറ്റർ വടക്കു കിഴക്കായുമാണ് ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടായ ഇടുക്കി ആർച്ച്ഡാം കുറത്തിമലയേയും കുറവൻമലയേയും ബന്ധിപ്പിക്കുന്നു. ഈ അണക്കെട്ട് മൂലം പെരിയാറിൽ സംഭരിക്കപ്പെടുന്ന ജലം ചെറുതോണി പുഴയിലൂടെ ഒഴുകി പോകാതിരിക്കുന്നതിന് ചെറുതോണിയിലും, ഏതാനും കിലോമീറ്ററുകൾ അകലെ ഒഴുകുന്ന കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കുന്നതിന് കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാമായ ഇടുക്കി കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് 168.9 മീറ്റർ ഉയരമുണ്ട്. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയുമുണ്ട്. അടിയിലെ വീതി 19.81 മീറ്ററാണ്. ആകെ 4.64 ലക്ഷം ഘനമീറ്റർ കോൺക്രീറ്റ് ഇതിന്റെ മാത്രം നിർമിതിക്ക് വേണ്ടി വന്നു. ആർച്ച് ഡാമിന് ഷട്ടറുകളില്ല. നിർമ്മാണത്തിന് അന്ന് 11 കോടി രൂപയാണ് ചെലവായത്.


ആർച്ച് ഡാമിന്റെ രൂപ സംവിധാനത്തിനാവശ്യമായ സങ്കീർണമായ കംപ്യൂട്ടർ ജോലികൾ കാനഡയിലാണ് നടത്തിയത്. പദ്ധതിക്ക് കാനഡ 78 ലക്ഷം കനേഡിയൻ ഡോളർ സഹായധനമായും 115 ലക്ഷം ഡോളർ ദീർഘകാല വായ്പയായും നൽകി. സർവെയർ ട്രൊനിഗർ ആൻഡ് ഷെനിവർട്ട് (പിന്നീട് ഇത് എസ്.എൻ.സി ലാവ്‌ലിൻ ആയി) എന്ന കനേഡിയൻ കമ്പനിയാണ് സാങ്കേതികോപദേശം നൽകിയത്.
ഇടുക്കി പദ്ധതിയിലെ ഏറ്റവും വലിയ ഘടകം ചെറുതോണി അണക്കെട്ടാണ്. ലോകത്തിലെ ഉയരം കൂടിയ നൂറ് അണക്കെട്ടുകളിൽ ഒന്നാണിത്. ഇടുക്കിയുടെ നാലിരട്ടിയോടടുത്ത് (17 ലക്ഷം ഘനമീറ്റർ) കോൺക്രീറ്റ് ഇതിന്റെ നിർമിതിക്കാവശ്യമായി വന്നു. നിർമാണചെലവ് 25 കോടിയിലധികം രൂപയാണ്. ചെറുതോണി അണക്കെട്ടിന്റെ ചുവട്ടിലെ ഉയരം 138.38 മീറ്ററും, മുകളിൽ 650.90 മീറ്ററും ആണ്. അടിയിൽ വീതി 107.78 മീറ്ററും മുകളിൽ 7.32 മീറ്ററും ആണ്. അഞ്ച് സ്പിൽവേ ഗേറ്റുകളും രണ്ട് ഔട്ട് ലെറ്റുകളും ഡാമിനുണ്ട്.
പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണ് കുളമാവിലേത്. കൽക്കെട്ടായി ആരംഭിച്ച് മൂന്നിലൊന്നു ഭാഗം മാത്രം പൂർത്തിയായപ്പോൾ കോൺട്രാക്ട് തകരാറുകളും തൊഴിൽതർക്കങ്ങളും മൂലം നിർമ്മാണ ജോലികൾ സ്തംഭിച്ചു. 1975 ൽ കോൺക്രീറ്റിൽ പണി പുനരാരംഭിച്ചു. മൊത്തം 11 കോടി രൂപ ചെലവായി. ഇതിന് ഏറ്റവും താഴ്ന്ന അടിത്തറയിൽ നിന്ന് 100 മീറ്റർ ഉയരമുണ്ട്. മുകളിൽ നീളം 385 മീറ്ററും അടിയിൽ വീതി 67.36 മീറ്ററും മുകളിൽ വീതി 7.32 മീറ്ററുമാണ്.


ഇടുക്കി പദ്ധതിയുടെ ജലസംഭരണ വിസ്തൃതി ഏകദേശം 60 ചതുരശ്ര കിലോമീറ്ററാണ്. വിശാലമായ ഈ സംഭരണിയിൽ 2200 ദശലക്ഷം ഘനമീറ്റർ ജലം സംഭരിക്കാം. ഈ ജലം തുരങ്കങ്ങളിലൂടെ മൂലമറ്റത്തെ ഭൂഗർഭ വൈദ്യുത നിലയത്തിലാണ് എത്തുന്നത്. നാടുകാണി മലയുടെ ഉച്ചിയിൽ നിന്നും 750 മീറ്റർ അടിയിലാണ് ഭൂഗർഭ വൈദ്യുത നിലയം. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയവും ഇതു തന്നെ. 130 മെഗാവാട്ട് വീതം വൈദ്യുതോൽപാദന ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇവിടെയുള്ളത്.
ദിവസവും 15,000 തൊഴിലാളികളാണ് കേരളത്തിന്റെ ഈ ഊർജ്ജത്തറവാടിന്റെ നിർമാണത്തിന് വിയർപ്പൊഴുക്കിയത്. തൊഴിൽ കുഴപ്പങ്ങൾ മൂലം നിരവധി തവണ ജോലികൾ നിർത്തിവയ്‌ക്കേണ്ടി വന്നു. തർക്കം സംഘർഷത്തിലേക്കും വെടിവയ്പിലേക്കും വളർന്നു. വെടിവയ്പിൽ മരിച്ചവരുൾപ്പെടെ 84 പേർക്ക് ഈ ബൃഹത് പദ്ധതിയുടെ സാക്ഷാത്കാരത്തിനിടെ ജീവൻ നഷ്ടമായി. അംഗഭംഗം സംഭവിച്ചവരും നിരവധി.

 


 

Latest News