Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി പകര്‍ച്ചപ്പനി പടരുന്നു, ഇന്ന് രണ്ട് മരണം. കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്

തിരുവനന്തപുരം - സംസ്ഥാനത്ത് ഭീതി പടര്‍ത്തിക്കൊണ്ട് പകര്‍ച്ചപ്പനി പടരുന്നു. ഇന്ന് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. 8252 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇന്ന് 57 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയിലാണ്. 1254 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും പനി ബാധിതര്‍ കൂടുകയാണ്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം. 2013 നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനാല്‍ പനി  കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തില്‍ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

 

Latest News