കുവൈത്ത് സിറ്റി - കുവൈത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. അയ്യായിരം വിദേശികളെ അടുത്ത ഒക്‌ടോബറോടെ പിരിച്ചുവിടും. സർക്കാർ വകുപ്പുകളിൽ വിദേശികളെ കുറക്കാനും കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇതോടകം 3,500 വിദേശികളെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇവർക്കുള്ള അനുകൂല്യം വിതരണം ചെയ്യാൻ സിവിൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് വ്യവസ്ഥകൾ ബാധകമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇവർ കുവൈത്ത് ഇഖാമ നിയമത്തിലെ പതിനേഴാം വകുപ്പ് പ്രകാരം ഇഖാമ റദ്ദാക്കുകയും കുവൈത്ത് വിടുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പൂർത്തിയാക്കിയെന്ന് സ്ഥിരീകരിക്കുന്ന ഡിപ്പാർച്ചർ നോട്ടീസ് (എക്‌സിറ്റ് വിസ) ഹാജരാക്കുകയും വേണം. സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടവർ സ്വകാര്യ മേഖലയുടെ പേരിലേക്ക് ഇഖാമ മാറ്റുന്നതും കുവൈത്തിലെ താമസം തുടരുന്നതിന് സാധിക്കും വിധം ഇഖാമ നിയത്തിലെ മറ്റേതെങ്കിലും വകുപ്പ് പ്രകാരം ഇഖാമ മാറ്റുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസ്ഥകൾ ബാധകമാക്കിയിരിക്കുന്നത്.