ജിദ്ദ- സൗദി പതാകയും ഭരണാധികാരികളുടെ ഫോട്ടോകളും വിഷൻ 2030 എംബ്ലവും 93-ാമത് ദേശീയദിനാഘോഷ ലോഗോയും സൗദി അറേബ്യയുടെ ഔദ്യോഗിക എംബ്ലമായ ഈത്തപ്പനയും വാളുകളും മുദ്രണം ചെയ്ത പച്ചയും വെള്ളയും നിറത്തിലുള്ള ടീഷർട്ടുകൾ അടക്കമുള്ള വസ്ത്രങ്ങൾ വിൽക്കുന്ന കടകളിൽ വൻ തിരക്ക്. ദേശീയദിനാഘോഷം മുന്നിൽ കണ്ട് ഇത്തരം വസ്ത്രങ്ങളുടെ വലിയ സ്റ്റോക്ക് ആണ് വ്യാപാര സ്ഥാപനങ്ങൾ ഒരുക്കിയിരുന്നത്.
ദേശീയപതാകകളും ദേശീയബോധവും രാജ്യസ്‌നേഹവും പ്രകടിപ്പിക്കുന്ന വാചകങ്ങൾ മുദ്രണം ചെയ്ത വസ്ത്രങ്ങളും ഷാളുകളും മറ്റു ഉൽപന്നങ്ങളും വാങ്ങാൻ സ്വദേശികളും വിദേശികളും കടകളിൽ കൂട്ടത്തോടെ ഒഴുകിയെത്തി. പച്ച നിറത്തിലുള്ള മാക്‌സികളും ലേഡീസ് വസ്ത്രങ്ങളും കുട്ടികൾക്കുള്ള ഉടുപ്പുകളുമെല്ലാം വിൽപനക്കുണ്ടായിരുന്നു. ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ ദേശീയദിനാഘോഷം പ്രമാണിച്ച് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു.