ഹായിൽ - സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി എതിർദിശയിൽ കാറോടിച്ച യുവതിയെ ഹായിലിൽ നിന്ന് ട്രാഫിക് പോലീസ് പിടികൂടിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. യുവതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗതാഗത നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകൾ പ്രഖ്യാപിക്കാൻ യുവതിക്കെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറി. യുവതി എതിർദിശയിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് യുവതിയെ ട്രാഫിക് പോലീസ് പിടികൂടിയത്. ഗതാഗത നിയമം അനുസരിച്ച് എതിർദിശയിൽ കാറോടിക്കുന്നതിന് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ലഭിക്കും.